രാഹുലിനെ ഇന്ത്യ ട്വന്റി20കളിൽ പരിഗണിക്കണം. നാലാം നമ്പർ നൽകണം. നിർദ്ദേശവുമായി മുൻ താരം.

2026 ഇന്ത്യൻ പ്രീമിയർ ലീഗ് വളരെ മികച്ച രീതിയിൽ തന്നെ പുരോഗമിക്കുകയാണ്. ഒരുപാട് യുവതാരങ്ങൾ ഇത്തവണത്തെ സീസണിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിലവിലെ ശ്രദ്ധ 2026 ട്വന്റി20 ലോകകപ്പിനായി മികച്ച ഒരു ടീം കെട്ടിപ്പടുക്കുന്നതിലാണ്. ഇതേ സംബന്ധിച്ചുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച കെഎൽ രാഹുൽ ഇന്ത്യയുടെ ടീമിലേക്ക് തിരികെ എത്തണമെന്ന പ്രസ്താവനയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ മുൻപോട്ട് വയ്ക്കുന്നത്. ഈ സീസണിലെ താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പീറ്റേഴ്സൺ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഈ നിർദ്ദേശം നൽകുന്നത്.

2022 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ കെ എല്‍ രാഹുലിന് സാധിച്ചിരുന്നില്ല. മാത്രമല്ല 2024 ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കുന്നതിലും രാഹുൽ പരാജയപ്പെട്ടു. പക്ഷേ തന്റെ ട്വന്റി20 ക്രിക്കറ്റിലെ മനോഭാവത്തിൽ വലിയ മാറ്റംവരുത്തി രാഹുൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യ രാഹുലിനെ ട്വന്റി20 ടീമിന്റെ നാലാം നമ്പർ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് പീറ്റേഴ്സണിന്റെ അഭ്യർത്ഥന. ചെന്നൈ, ബാംഗ്ലൂർ പിച്ചുകളിലെ താരത്തിന്റെ പ്രകടനങ്ങൾ കൂടി വിലയിരുത്തിയ ശേഷമായിരുന്നു പീറ്റേഴ്സൺ സംസാരിച്ചത്.

“ഞാനായിരുന്നുവെങ്കിൽ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നാലാം നമ്പർ പൊസിഷൻ കെ എൽ രാഹുലിന് നൽകിയേനെ. കാരണം ഐപിഎല്ലിലൂടെയും മറ്റും ഇന്ത്യയ്ക്ക് ഒരുപാട് ഓപ്പണിങ് ബാറ്റർമാരെ ലഭിക്കുന്നുണ്ട്. മാത്രമല്ല മുൻനിരയിൽ മികവ് പുലർത്താൻ സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിനുണ്ട്. ഇതെല്ലാം ഇന്ത്യയ്ക്ക് ഗുണമാണ്. പക്ഷേ ഇപ്പോൾ രാഹുൽ കളിക്കുന്ന രീതിയാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. നാലാം നമ്പറിലേക്ക് ഇന്ത്യൻ ട്വന്റി20 ടീമിനായി ഒരു താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ നിർദ്ദേശിക്കുന്നത് രാഹുലിന്റെ പേരായിരിക്കും. ഇന്ത്യക്കായി വിക്കറ്റ് കീപ്പ് ചെയ്യാനും അവന് സാധിക്കും.”- പീറ്റേഴ്സൺ പറഞ്ഞു.

“കഴിഞ്ഞ ഐപിഎല്ലിന്റെ മദ്യഭാഗം മുതൽ വളരെ പോസിറ്റീവായ മനോഭാവത്തോടെയാണ് രാഹുൽ കളിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച രീതിയിൽ ഫിനിഷ് ചെയ്യാനും അവന് സാധിച്ചിട്ടുണ്ട്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ അവൻ പല മത്സരങ്ങളിലും വിജയത്തിൽ എത്തിക്കുകയുണ്ടായി. രാഹുലുമായി മുൻപ് ഞാൻ സംസാരിച്ചിരുന്നു. അപ്പോൾ മത്സരത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ഓരോ ബാറ്ററും വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും രാഹുൽ സംസാരിച്ചു. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ മാറ്റങ്ങൾ അനിവാര്യമാണ് എന്ന കാര്യം അവൻ അംഗീകരിക്കുകയും, അതിനനുസരിച്ച് തന്റെ ശൈലി മാറ്റാൻ തയ്യാറാവുകയും ചെയ്തു. ഇപ്പോൾ അവൻ വളരെ പോസിറ്റീവായാണ് മത്സരങ്ങളെ നോക്കിക്കാണുന്നത്.”- പീറ്റേഴ്സൺ കൂട്ടിച്ചേർക്കുന്നു.