ഇത് സംഭവിച്ചാൽ ഒരു ഒന്നൊന്നര ലോകകപ്പ് ആയിരിക്കും വരാൻ പോവുന്നത്!

വോക്സിനെതിരെ സ്വീപ്പും ഫ്ലിക്കും കൂടിക്കലർന്നത് പോലൊരു ഷോട്ട്…
വുഡിൻ്റെ എക്സ്പ്രസ് പേസിനെതിരെ ഏറ്റവും ടഫ് ഷോട്ടായ ലോഫ്റ്റ്ഡ് കവർഡ്രൈവ്…
സൈറ്റ് സ്ക്രീനിനു മുകളിലേക്ക് ജോർദാനെ എത്തിച്ച ഹിറ്റ്…

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ കെ.എൽ രാഹുൽ കളിച്ച അവിശ്വസനീയമായ ചില ഷോട്ടുകളാണിത്! രാഹുൽ ഈ അപ്രോച്ച് തുടർന്നാൽ ഇന്ത്യയുടെ സാദ്ധ്യതകൾ ഇരട്ടിയായി വർദ്ധിക്കും.

രാഹുലും രോഹിതും ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന ഓപ്പണിങ്ങിനെക്കുറിച്ച് വെറുതെ ഒന്ന് ചിന്തിച്ചുനോക്കുക! വെസ്റ്റ് ഇൻഡീസ് മസിൽ കൊണ്ട് ചെയ്യുന്നത് ഇന്ത്യയ്ക്ക് ക്ലാസിക് ശൈലിയിൽ ചെയ്യാൻ സാധിക്കും.

ഐ.പി.എല്ലിലെ രാഹുലിൻ്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് പരാതികളുണ്ട്. രാഹുൽ സ്വാർത്ഥനാണെന്ന് ചിലർ പറയുന്നു. പഞ്ചാബ് ടീമിൻ്റെ ഭാരം മുഴുവനും ചുമക്കുന്നതുകൊണ്ടാണ് രാഹുലിന് അങ്ങനെ കളിക്കേണ്ടിവരുന്നത് എന്നൊരു തിയറിയുമുണ്ട്.

ഇന്ത്യൻ ടീം മാനേജ്മെൻ്റ് ചെയ്യേണ്ടത് ഇത്ര മാത്രമാണ്. കുറച്ച് പരാജയങ്ങൾ ഉണ്ടായാലും ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്ന ഉറപ്പ് രാഹുലിന് നൽകുക. രാഹുലിൻ്റെ വിക്കറ്റ് പെട്ടന്ന് പോയാലും ഇന്ത്യയ്ക്ക് ആവശ്യത്തിന് ബാറ്റിങ്ങ് ഡെപ്ത്ത് ഉണ്ടെന്നും ഓർമ്മിപ്പിക്കുക. അങ്ങനെ രാഹുലിനെ അഴിഞ്ഞാടാൻ വിടുക!

ഇത് സംഭവിച്ചാൽ ഒരു ഒന്നൊന്നര ലോകകപ്പ് ആയിരിക്കും വരാൻ പോവുന്നത്!

Written by-Sandeep Das