അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സ് ; ഹാട്രിക്ക് സിക്സുമായി ഡേവിഡ് മില്ലര്‍.

2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ മറികടന്നു. അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ ഡേവിഡ് മില്ലര്‍ ഹാട്രിക്ക് സിക്സ് അടിച്ചാണ് മത്സരം ഫിനിഷ് ചെയ്തത്.

അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലില്‍ എത്താന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്കും ടീമിനും കഴിഞ്ഞു. ക്യാപ്റ്റനുമൊത്ത് 61 പന്തില്‍ 106 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ആദ്യ 14 ബോളില്‍ നിന്നും 10 റണ്‍സ് മാത്രം അടിച്ച് താളം കണ്ടെത്തിയ മില്ലര്‍, പിന്നീടുള്ള 24 ബോളില്‍ 58 റണ്‍സാണ് നേടിയത്.

miller vs rr

മത്സരത്തില്‍ 38 പന്തില്‍ 3 ഫോറും 5 സിക്സും അടക്കം 68 റണ്‍സാണ് മില്ലര്‍ നേടിയത്. പ്രസീദ്ദ് കൃഷ്ണയുടെ അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് മില്ലറുടെ ഹാട്രിക്ക് സിക്സ് ഈഡന്‍ ഗാര്‍ഡനില്‍ പിറന്നത്.

27 പന്തില്‍ 40 റണ്ണുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ മികച്ച പിന്തുണ നല്‍കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനു വേണ്ടി ജോസ് ബട്ട്ലറാണ് ടോപ്പ് സ്കോററായത്. 56 പന്തില്‍ 89 റണ്‍സാണ് ഇംഗ്ലണ്ട് താരം നേടിയത്. 26 പന്തില്‍ 47 റണ്‍സായിരുന്നു സഞ്ചുവിന്‍റെ സംഭാവന.