ഇംഗ്ലണ്ടിനെതിരെ പൂനെയിൽ നടന്ന നാലാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 181 റൺസ് സ്വന്തമാക്കുകയും മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിടുകയും ചെയ്തു. മത്സരത്തിൽ 15 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
എന്നിരുന്നാലും മത്സരത്തിൽ ഇരു ടീമുകളുടെയും ബാറ്റിംഗ് നിര അസ്ഥിരതയാർന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച മലയാളി താരം സഞ്ജു സാംസന്റെയും നായകൻ സൂര്യകുമാർ യാദവിന്റെ യും മോശം പ്രകടനങ്ങളാണ് വലിയ നിരാശ ഉണ്ടാക്കിയത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഫിൽ സോള്‍ട്ടിന്റെ മോശം പ്രകടനവും തിരിച്ചടിയായി.
ഇന്ത്യയുടെ മുൻനിരയിൽ സഞ്ജു സാംസനാണ് ആദ്യം പുറത്തായത്. മത്സരത്തിൽ ഒരു റൺ മാത്രമായിരുന്നു സഞ്ജുവിന് നേടാൻ സാധിച്ചത്. തൊട്ടുപിന്നാലെ തിലക് വർമയും സൂര്യകുമാർ യാദവും പൂജ്യരായും മടങ്ങുകയുണ്ടായി. ശേഷം റിങ്കു സിംഗും അഭിഷേക് ശർമയുമാണ് ഇന്ത്യൻ ഇന്നിങ്സ് അല്പമെങ്കിലും മുൻപോട്ടു കൊണ്ടുപോയത്. മത്സരത്തിലെ ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ. ഇന്ത്യൻ താരങ്ങളുടെ മോശം ഷോട്ട് സെലക്ഷനെയാണ് കെവിൻ പീറ്റേഴ്സൺ വിമർശിച്ചിരിക്കുന്നത്.
മത്സരത്തിൽ ഇംഗ്ലണ്ട് ബോളർമാർ പ്രത്യേകതയാർന്ന പ്രകടനങ്ങൾ ഒന്നുംതന്നെ കാഴ്ചവച്ചില്ലെന്നും, ഇന്ത്യൻ താരങ്ങൾ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു എന്നും പീറ്റേഴ്സൺ പറയുകയുണ്ടായി. “രാജ്ക്കോട്ടിൽ ഇന്ത്യൻ ബാറ്റർമാർ മണ്ടൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. പൂനെയിലും അത്ര മികച്ച ബാറ്റിംഗ് പ്രകടനം ആയിരുന്നില്ല ഇന്ത്യ പുറത്തെടുത്തത്. അവർ സ്വയം പുറത്താവുന്നതാണ് മത്സരത്തിൽ കണ്ടത്. ഇംഗ്ലണ്ട് ബോളർമാർ വലിയ കാര്യമായി ഒന്നുംതന്നെ ചെയ്തില്ല. വളരെ മോശം ഷോട്ടുകളാണ് മത്സരത്തിൽ ഇന്ത്യയെ പിന്നോട്ടടിച്ചത്.”- കെവിൻ പീറ്റേഴ്സൺ പറഞ്ഞു.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യൻ താരങ്ങളിൽ പലരും ഇത്തരത്തിൽ മോശം ഷോട്ടുകൾ കളിച്ചു പുറത്തായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ഇംഗ്ലണ്ടിനെതിരായ 4 ട്വന്റി20കളിലും ഇത്തരത്തിൽ മോശം ഷോട്ട് സെലക്ഷൻ മൂലമായിരുന്നു പുറത്തായത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. എന്തായാലും അഞ്ചാം ട്വന്റി20 മത്സരം സഞ്ജു സാംസണെയും സൂര്യകുമാർ യാദവിനെയും സംബന്ധിച്ച് വളരെ നിർണായകമാണ്. മത്സരത്തിൽ മികവ് പുലർത്തിയാൽ മാത്രമേ ഇരു താരങ്ങൾക്കും തങ്ങളുടെ ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കൂ.



