ഇന്ത്യയെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് കഴിയുമോ :ഉത്തരം നൽകി പിറ്റേഴ്സൺ

ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഉപേക്ഷിച്ച തീരുമാനം ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വമ്പൻ നിരാശയിലാണ് കൊണ്ടുചെന്നെത്തിച്ചത്. വളരെ ഏറെ നിർണായകമായ അഞ്ചാം ടെസ്റ്റ്‌ മത്സരം ഇന്ത്യൻ ക്യാംപിലെ കോവിഡ് ബാധ കാരണമാണ് മാറ്റിവെച്ചത് എങ്കിലും മത്സരത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമമായ തീരുമാനം ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡും കൈകൊണ്ടിട്ടില്ല. അഞ്ചാം ടെസ്റ്റ്‌ 2022ലെ ലിമിറ്റഡ് ഓവർ പര്യടനത്തിനൊപ്പം നടത്താമെന്നുള്ള ചർച്ചകൾ ഇതിനകം സജീവമാണ്. ഈ വിഷയത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ അധികൃതർക്കൊപ്പം ചർച്ചകൾ കൂടി നടത്തുവാൻ ബിസിസിഐ പ്രസിഡന്റ്‌ അടുത്ത ആഴ്ച ഇംഗ്ലണ്ടിൽ എത്തുന്നുണ്ട്

എന്നാൽ അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റിന് ഈ ഗതി വരുവാനുള്ള പ്രധാന കാരണം ടീം ഇന്ത്യയുടെ പിടിവാശിയാണ് എന്നുള്ള വിമർശനം ശക്തമാണ്. ഇംഗ്ലണ്ട് ടീം മത്സരത്തിനായി തയ്യാറായിരുന്നെങ്കിലും ഒരു ഫിസിയോക്ക്‌ അടക്കം ദിവസങ്ങൾ മുൻപ് കോവിഡ് പോസിറ്റീവായ മോശം സാഹചര്യത്തിൽ പരമ്പര തുടരുന്നത് ആശങ്കകളാണ് സമ്മാനിക്കുന്നത് എന്ന് പ്രമുഖ ഇന്ത്യൻ താരങ്ങൾ അടക്കം തുറന്നുപറയുകയായിരുന്നു. നായകൻ കോഹ്ലിയടക്കം ഇക്കാര്യത്തിൽ ചില ബിസിസിഐ ഉന്നതരുമായി വിശദമായി ഇക്കാര്യങ്ങൾ എല്ലാം സംസാരിച്ചുവെന്നും സൂചനകളുണ്ട് .ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ട് ആരാധകർ അടക്കം ഈ വിഷയത്തിൽ പരിഹസിക്കുമ്പോൾ ടീം ഇന്ത്യക്ക് വൻ പിന്തുണ നൽകുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ.

“ടെസ്റ്റ്‌ പരമ്പര ഉപേക്ഷിച്ചാണ് ഇന്ത്യൻ ടീം മടങ്ങുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിന് വൻ നഷ്ടമാണ് ഈ മോശം സാഹചര്യം സൃഷ്ടിക്കുന്നത്. എന്നാൽ എന്റെ ഉറച്ച വിശ്വാസം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെതിരെ വിമർശനം ഉന്നയിക്കാൻ ഇംഗ്ലണ്ട് ടീം തയ്യാറാവില്ലയെന്നാണ്. നേരത്തെ ചില താരങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ച സമയത്ത് സൗത്താഫ്രിക്കൻ പരമ്പര പകുതി വഴിയിൽ ഉപേക്ഷിച്ച് ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് എത്തിയിരുന്നു. കോവിഡ് വ്യാപനത്തിൽ ഇതെല്ലാം സാധാരണമാണ്. നഷ്ടങ്ങൾ പേരിൽ ഇന്ത്യയെ കുറ്റം പറയാനുള്ള അവകാശം ഇംഗ്ലണ്ടിനില്ല “കെവിൻ പിറ്റേഴ്സൺ അഭിപ്രായം തുറന്ന് പറഞ്ഞു