ഉത്തപ്പ വെടിക്കെട്ടിനു പിന്നാലെ സഞ്ജുവിന്‍റെ ഫിനിഷിങ് :കേരളത്തിന്‌ ആദ്യ ജയം

ഒടുവിൽ സയ്യദ് മുഷ്താക്ക്‌ അലി ട്രോഫി ടൂർണമെന്റിൽ കേരള ടീമിന് ആദ്യത്തെ ജയം. നിർണായകമായ മത്സരത്തിൽ ഇന്ന് ബീഹാർ ടീമിനെയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു നയിക്കുന്ന കേരള ടീം ഏഴ് വിക്കറ്റിന് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബീഹാർ ടീമിനെ വെറും 131 റൺസിൽ ഒതുക്കുവാൻ കേരള ടീമിന്റെ ബൗളേഴ്‌സിന് സാധിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ വെറും 14.1 ഓവറിൽ തന്നെ ബീഹാർ ടാർഗെറ്റ് മറികടക്കുവാൻ കേരള ടീമിന് സാധിച്ചു. നായകൻ സഞ്ജുവും സീനിയർ താരം റോബിൻ ഉത്തപ്പയും ബാറ്റിങ്ങിൽ കാഴ്ചവെച്ച വെടിക്കെട്ട് പ്രകടനമാണ് കേരളത്തിന്‌ കരുത്തായി മാറിയത്.

നേരത്തെ ഗുജറാത്തിന് എതിരായ ആദ്യ മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയ സഞ്ജുവിനും ടീമിനും ഇന്നത്തെ ജയം വളരെ പ്രധാനമായിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബീഹാർ ടീമിനായി സാക്കിബുല്‍ ഗനി 53 റൺസ് നേടി എങ്കിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ കേരള ബൗളർമാർ ഏറെ കയ്യടികൾ നേടി. കേരളത്തിനായി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കെ. എം ആസിഫ് ഒരു വിക്കറ്റും ഒരു റൺഔട്ടും നേടി. ഓപ്പണർ മംഗല്‍ മഹാറൂര്‍ (30) മികച്ച പ്രകടനം നടത്തി

മറുപടി ബാറ്റിങ്ങിൽ കേരള ടീമിമായി മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ കാഴ്ചവെച്ചത് വെടിക്കെട്ട് ബാറ്റിങ്.വെറും 34 ബോളിൽ നിന്നും 57 റൺസ് അടിച്ച താരം റിട്ടേർഡായി മടങ്ങി. ശേഷം വന്ന നായകൻ സഞ്ജു സാംസൺ തന്റെ ഐപിൽ ഫോം ഒരിക്കൽ കൂടി കേരള ടീമിനായി ആവർത്തിച്ചു.20 ബോളിൽ നിന്നും 45 റൺസാണ് സഞ്ജു അതിവേഗം അടിച്ചെടുത്തത്. നേരത്തെ ഗുജറാത്തിന് എതിരായ മത്സരത്തിൽ സഞ്ജു അർദ്ധ സെഞ്ച്വറി നേടിയിരുന്നു. വരാനിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടി :20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക്‌ എല്ലാം വിശ്രമം അനുവദിക്കുമ്പോൾ സഞ്ജു ടീമിലേക്ക് വിക്കറ്റ് കീപ്പർ റോളിൽ എത്തുമെന്ന് സൂചനകളുണ്ട്. താരത്തിന്റെ മികച്ച ഫോം സെലക്ഷൻ കമ്മിറ്റി നിരീക്ഷിക്കുന്നുണ്ട്