കേരള ക്രിക്കറ്റ്‌ ലീഗ് ലേലം : വില കൂടിയ താരം എം.എസ് അഖിൽ. വമ്പൻ ടീമിനെ സ്വന്തമാക്കി ആലപ്പി.

2 2 1024x683 1

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കെസിഎൽ ട്വന്റി20യുടെ ലേലം തിരുവനന്തപുരത്ത് നടന്നു. 6 ടീമുകൾ അടങ്ങുന്ന ആദ്യ സീസണിനുള്ള ലേലമാണ് തിരുവനന്തപുരത്ത് ഹയാത്ത് ഹോട്ടലിൽ നടന്നത്. അത്യന്തം ആവേശകരമായ ലേലത്തിൽ എറണാകുളം സ്വദേശി എംഎസ് അഖിലാണ് ഏറ്റവും വിലകൂടിയ താരമായി മാറിയത്.

7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് ടീമാണ് അഖിലിനെ സ്വന്തമാക്കിയത്. കേരളത്തിന്റെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വരുൺ നായനാരാണ് വമ്പൻ തുക സ്വന്തമാക്കിയ മറ്റൊരു താരം. 7.2 ലക്ഷം രൂപയ്ക്ക് വരുണിനെ തൃശൂർ ടൈറ്റൻസ് ടീമാണ് സ്വന്തമാക്കിയത്.

7 ലക്ഷം രൂപയോടെ യു മനുകൃഷ്ണൻ കൊച്ചിയിലും, സൽമാൻ നിസാർ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് ടീമിലും ചേക്കേറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് പുലർത്തിയിട്ടുള്ള കേരള പേസർ കെഎം ആസിഫിനെ 5.2 ലക്ഷം രൂപയ്ക്കാണ് കൊല്ലം ഫ്രാഞ്ചൈസിയായ ഏരീസ് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കിയത്. എല്ലാ വിഭാഗത്തിലും അങ്ങേയറ്റം മികച്ച ലേലമാണ് ഉണ്ടായത്. സി വിഭാഗത്തിൽ ഓൾറൗണ്ടറായി 50,000 രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന എം നിഖിലിനെ 4.6 ലക്ഷം രൂപയ്ക്കാണ് കാലിക്കറ്റ് ടീം സ്വന്തമാക്കിയത്. ലേലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ആലപ്പി റിപ്പൾസ് ടീമായിരുന്നു. വമ്പൻ താരങ്ങളെ സ്വന്തമാക്കി തങ്ങളുടെ ആധിപത്യം തുടക്കത്തിൽ തന്നെ കാട്ടാൻ ആലപ്പി ടീമിന് സാധിച്ചു.

Read Also -  സച്ചിനോ ഗാംഗുലിയോ ഗംഭീറോ? ഇഷ്ട പങ്കാളിയെ തിരഞ്ഞെടുത്ത് വിരേന്ദർ സേവാഗ്.

കേരളത്തിന്റെ സ്റ്റാർ താരങ്ങളായ അക്ഷയ് ചന്ദ്രൻ, കൃഷ്ണ പ്രസാദ്, വിനു മനോഹരൻ എന്നിവരെയാണ് ആലപ്പി ടീം സ്വന്തമാക്കിയത്. ഇതോടെ ആലപ്പി ശക്തമായ ഒരു സ്ക്വാഡായി മാറിയിട്ടുണ്ട്. മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ താരമായ മുഹമ്മദ് അസറുദ്ദീനെ തങ്ങളുടെ ഐക്കൺ താരമായി ആലപ്പി നിശ്ചയിച്ചിരുന്നു. 6.2 ലക്ഷം രൂപ മുതൽ മുടക്കിയാണ് കൃഷ്ണപ്രസാദിനെ ആലപ്പി തങ്ങളുടെ ഫ്രാഞ്ചൈസിലേക്ക് എത്തിച്ചത്. അക്ഷയ് ചന്ദ്രനെ 5 ലക്ഷം രൂപയും വിനൂപ് മനോഹരന് 3.2 ലക്ഷം രൂപയും ആലപ്പി നൽകുകയുണ്ടായി.

ഒപ്പം 3 ലക്ഷം രൂപയ്ക്ക് ഫനൂസ് ഫൈസ്, 2.4 ലക്ഷം രൂപയ്ക്ക് വിശ്വശ്വർ സുരേഷ്, 2 ലക്ഷം രൂപയ്ക്ക് ആനന്ദ് ജോസഫ്, 2.2 ലക്ഷം രൂപയ്ക്ക് രോഹൻ നായർ എന്നിവരെയും സ്വന്തമാക്കാൻ ആലപ്പി ടീമിന് സാധിച്ചു. ഒപ്പം നീൽ സണ്ണി, ആസിഫ് അലി, ആൽഫി ജോൺ, അക്ഷയ് ശിവ്, വൈശാഖ് ചന്ദ്രൻ തുടങ്ങിയ വമ്പൻ താരങ്ങളെ ആലപ്പി സ്വന്തമാക്കുകയുണ്ടായി. മറ്റു ടീമുകളും മികച്ച പ്രകടനം തന്നെയാണ് ലേലത്തിൽ പുറത്തെടുത്തത്. 168 താരങ്ങൾ അണിനിരന്ന ലേലത്തിൽ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. സെപ്റ്റംബർ 2 മുതൽ 19 വരെയാണ് കെസിഎൽ ട്വന്റി20യുടെ ആദ്യ സീസൺ നടക്കുക.

Scroll to Top