കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള ലേലത്തിൽ ചരിത്ര തുക സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ലീഗിന്റെ ആദ്യ സീസണിൽ സഞ്ജുവിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് ശേഷമാണ് ഇപ്പോൾ സഞ്ജു ലേലത്തിലേക്ക് എത്തിയത്. അതിനാൽ തന്നെ ഒരുപാട് ടീമുകൾ സഞ്ജു സാംസണിനായി രംഗത്ത് വരികയുണ്ടായി. അതുകൊണ്ടു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം സ്വന്തമാക്കിയാണ് സഞ്ജു ഇത്തവണത്തെ ലേലത്തിൽ ശ്രദ്ധ നേടിയത്. 26.8 കോടി രൂപയാണ് സഞ്ജുവിന് ലേലത്തിലൂടെ ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമാണ് സഞ്ജുവിനെ സ്വന്തമാക്കിയത്.
ലേലത്തിൽ 5 ലക്ഷം രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന തുക. ആദ്യ സമയത്ത് തിരുവനന്തപുരം റോയൽസ് ടീമാണ് സഞ്ജുവിനായി രംഗത്തെത്തിയത്. വലിയ പോരാട്ടത്തിനൊടുവിൽ 20 ലക്ഷം രൂപ വരെ സഞ്ജുവിനായി പൊരുതാൻ തിരുവനന്തപുരം തയ്യാറായി. എന്നാൽ ഇതിന് പിന്നാലെ തൃശ്ശൂർ ടൈറ്റൻസ് രംഗത്ത് വരികയും, ലേലം കൂടുതൽ ശക്തമാവുകയും ചെയ്തു. 25 ലക്ഷം രൂപ വരെയാണ് തൃശ്ശൂർ ടീം സഞ്ജുവിന് വാഗ്ദാനം ചെയ്തത്. പക്ഷേ കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്തുവില കൊടുത്തും സഞ്ജുവിനെ സ്വന്തമാക്കാനായി മുതിരുകയായിരുന്നു. 26.8 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്.
കേരള ക്രിക്കറ്റ് ലീഗിനെ സംബന്ധിച്ച് ഇത് ചരിത്ര പ്രതിഫലം തന്നെയാണ്. ഇനിയൊരു താരത്തിന് ഇത്തരത്തിൽ ഒരു പ്രതിഫലം ലീഗിൽ നിന്ന് ലഭിക്കുമോ എന്നതുപോലും സംശയമാണ്. ഒരു ടീമിന് പരമാവധി ചിലവാക്കാൻ സാധിക്കുന്ന തുക 50 ലക്ഷം രൂപയാണ്. ഈ സാഹചര്യത്തിലാണ് പാതിയിലധികം വിലയ്ക്ക് സഞ്ജു സാംസണിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ലേലത്തിന് മുന്നോടിയായി തന്നെ വമ്പൻ താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസികൾ ശ്രമിച്ചിരുന്നു. നിലവിലെ കേരള ടീമിന്റെ നായകനായ സച്ചിൻ ബേബിയെ കൊല്ലം ടീം സ്വന്തമാക്കിയപ്പോൾ, ഐപിഎല്ലിൽ വമ്പൻ പ്രകടനം നടത്തിയ വിഗ്നേഷ് പുത്തൂരിനെയും സ്റ്റാർ ഓപ്പണറായ മുഹമ്മദ് അസറുദിനെയും ആലപ്പി ടീം നിലനിർത്തുകയാണ് ഉണ്ടായത്. കാലിക്കറ്റ് ടീം രോഹൻ കുന്നുമ്മലിനെയും സൽമാൻ നിസാറിനെയുമാണ് രണ്ടാം സീസണിന് മുന്നോടിയായി നിലനിർത്തിയത്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ നടക്കുന്നത്.



