നിൻ്റെ അച്ഛനെ പോലെ 50 ശതമാനം എങ്കിലും ആകാൻ ശ്രമിക്കുക; അർജുന് ഉപദേശവുമായി കപിൽ ദേവ്.

കഴിഞ്ഞ രണ്ടു സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരം ആയിട്ടും ഒരു മത്സരം പോലും കളിക്കുവാൻ അർജുൻ ടെണ്ടുൽക്കറിന് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ നില നിർത്താതെ ഒഴിവാക്കിയ താരത്തിനെ ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിലൂടെ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ വീണ്ടും സ്വന്തമാക്കിയത്. സീസണിൽ ആദ്യം പുറത്തായിട്ടും,മറ്റ് യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടും എന്തുകൊണ്ടാണ് അർജുന് അവസരം നൽകാതിരുന്നത് എന്ന വിമർശനമുയർന്നിരുന്നു.

സച്ചിൻ മാനേജ്മെൻ്റിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മകനെ ടീമിൽ എടുക്കാത്തത് എന്നും പലരും ചോദിച്ചിരുന്നു. ടീം സെലക്ഷനിൽ താൻ ഇടപെടാറില്ല എന്നും അതെല്ലാം മാനേജ്മെൻ്റ് ആണ് കൈകാര്യം ചെയ്യുക എന്നും സച്ചിൻ അതിന് മറുപടി നൽകിയിരുന്നു. ടീമിൽ അവസരം ലഭിക്കുന്നതിനെ കുറിച്ച് മാത്രം ഓർത്തിരിക്കരുതെന്ന് സച്ചിൻ അർജുന് ഉപദേശം നൽകിയിരുന്നു. ഇപ്പോഴിതാ അർജ്ജുന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്.

images 2022 06 04T105507.042


“എന്തുകൊണ്ടാണ് അവനെപ്പറ്റി എല്ലാവരും സംസാരിക്കുന്നത്? കാരണം അവൻ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ ആയതുകൊണ്ടാണ്. അവൻ അവൻ്റെ ക്രിക്കറ്റ് കളിക്കട്ടെ. സച്ചിനുമായി താരതമ്യം ചെയ്യരുത്. ടെണ്ടുൽക്കറുടെ പേര് കൂടെ ഉണ്ടാകുമ്പോൾ ആനുകൂല്യങ്ങളും അതിനോടൊപ്പം ദോഷങ്ങളുമുണ്ട്. ഡോൺ ബ്രാഡ്മാൻ്റെ മകൻ പേരുമാറ്റിയത് ഇതുപോലെ സമ്മർദ്ദം സഹിക്കാൻ വയ്യാതെ ആണ്. അവൻ ബ്രാഡ്മാൻ എന്ന പേരു മാറ്റിയത് മറ്റുള്ളവർ അവൻ്റെ അച്ഛനെ പോലെ അവനെ പ്രതീക്ഷിച്ചതുകൊണ്ടാണ്.

images 2022 06 04T105447.027

അർജുന് മുകളിൽ സമ്മർദ്ദം ചെലുത്തരുത്. അവൻ ഒരു ചെറിയ കുട്ടിയാണ്. സച്ചിൻ പോലത്തെ ഒരു വലിയ അച്ഛൻ ഉള്ളപ്പോൾ അവനോട് കാര്യങ്ങൾ പറയാൻ നമ്മൾ ആരാണ്. പക്ഷേ എനിക്ക് അവനോട് ഒരൊറ്റ കാര്യം മാത്രമേ പറയാനുള്ളൂ. സ്വയം ആഘോഷിക്കുക. ആരെയും ഒന്നും ബോധ്യപ്പെടുത്താൻ ഇല്ല. നിൻ്റെ അച്ഛൻ്റെ 50 ശതമാനം പോലെ നിനക്ക് ആകാൻ സാധിച്ചാൽ അതിനപ്പുറം ഒന്നുമില്ല. ടെണ്ടുൽക്കർ എന്ന പേര് വരുമ്പോൾ പ്രതീക്ഷ കൂടുന്നത് സച്ചിൻ മഹാൻ ആയതുകൊണ്ടാണ്.”-കപിൽ ദേവ് പറഞ്ഞു.