ശ്രേയസ് അയ്യർക്കെതിരെ ബിസിസിഐയുടെ ഇരട്ടത്താപ്പ്. വെളിപ്പെടുത്തി മുൻ താരം.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ സ്ക്വാഡ് ആയിരുന്നു പ്രഖ്യാപിച്ചത്. പല പുതിയ താരങ്ങളും ഇന്ത്യൻ ടീമിലേക്ക് എത്തിയപ്പോൾ, ചില താരങ്ങളെ പൂർണമായും സെലക്ടർമാർ അവഗണിക്കുകയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള ഒരു താരമാണ് ശ്രേയസ് അയ്യർ.

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റുകളിലൊക്കെയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ശ്രേയസ് അയ്യരെ സെലക്ടർമാർ അവഗണിച്ചു. ഐപിഎൽ, ഏകദിനം തുടങ്ങിയ മത്സരങ്ങളിൽ കഴിഞ്ഞ സമയങ്ങളിൽ മികവ് പുലർത്തിയ താരമാണ് അയ്യർ. അതിനാൽ തന്നെ അയ്യരെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യൻ സെലക്ടർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

എന്തുകൊണ്ടാണ് സമീപകാലത്ത് ശ്രേയസ് അയ്യർ നടത്തിയ പ്രകടനങ്ങൾ ഇന്ത്യൻ സെലക്ടർമാർ കണക്കിലെടുക്കാത്തത് എന്നാണ് മുഹമ്മദ് കൈഫ് ചോദിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് സായി സുദർശനെ ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്

“സായി കഴിവുള്ള താരമാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ അവന് അനുഭവസമ്പത്ത് വളരെ കുറവാണ്. എന്നാൽ ഐപിഎൽ, ഏകദിനം, രഞ്ജി ട്രോഫി എന്നീ ഫോർമാറ്റുകളിൽ മികവ് പുലർത്തിയ ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നു.”- കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറയുകയുണ്ടായി.

സമീപകാലത്ത് ഏകദിന ക്രിക്കറ്റിലടക്കം മികവ് പുലർത്തിയ താരമാണ് ശ്രേയസ് അയ്യര്‍. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി 550 റൺസിലധികം സ്വന്തമാക്കാൻ ശ്രേയസിന് സാധിച്ചിരുന്നു. ശ്രേയസ് ആയിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇതുവരെ 2025 ഐപിഎല്ലിൽ 514 റൺസ് സ്വന്തമാക്കാനും അയ്യർക്ക് കഴിഞ്ഞിട്ടുണ്ട്. രഞ്ജി ട്രോഫി ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിനായി 5 മത്സരങ്ങളിൽ നിന്ന് 480 റൺസാണ് ഈ വെടിക്കെട്ട് താരം നേടിയത്. പക്ഷേ ഇത്രയും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും അയ്യരെ ഇന്ത്യ നിഷ്കരുണം ഉപേക്ഷിക്കുകയായിരുന്നു.

“നിലവിലെ ഇന്ത്യൻ ടീമിൽ ചില താരങ്ങളെ ഉൾപ്പെടുത്തുമ്പോൾ അവരുടെ നിശ്ചിത ഓവർ ഫോർമാറ്റിലെ പ്രകടനങ്ങൾ പോലും പരിഗണിക്കുന്നുണ്ട്. പക്ഷേ ചില താരങ്ങളുടെ കാര്യത്തിൽ അത്തരം ഒരു പരിഗണന ലഭിക്കുന്നില്ല. ഇവിടെയാണ് ബിസിസിഐയുടെ ഇരട്ടത്താപ്പ്.”- കൈഫ് പറയുകയുണ്ടായി. രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇന്ത്യൻ ടീമിൽ പുതിയ താരങ്ങൾക്ക് അവസരം നൽകാൻ സെലക്ടർമാർ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിലുള്ള താരങ്ങളെ ഒഴിവാക്കി നിർത്തിയത് ഇന്ത്യൻ സെലക്ടർമാരുടെ അബദ്ധമായാണ് പലരും വിലയിരുത്തുന്നത്.