ജോസ് ദ ബോസ്. ബട്ട്ലറിന്‍റെ പ്രവര്‍ത്തിക്ക് കയ്യടിച്ച് ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് 5 മത്സരങ്ങളില്‍ നിന്നും 6 പോയിന്‍റുമായി മൂന്നാമതാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഈ മുന്നേറ്റത്തിനു പിന്നില്‍ ജോസ് ബട്ട്ലറുടെ തകര്‍പ്പന്‍ ഫോമാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ 272 റണ്‍സ് നേടി ഈ ഇംഗ്ലണ്ട് താരമാണ് ഓറഞ്ച് ക്യാപ് അണിഞ്ഞിരിക്കുന്നത്.

ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ ജോസ് ബട്ട്ലര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയ താരങ്ങള്‍ക്ക് അത് മുതലാക്കാനായില്ലാ. 24 പന്തില്‍ 8 ഫോറും 3 സിക്സും അടക്കം 54 റണ്ണാണ് താരം നേടിയത്. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ ഓറഞ്ച് ക്യാപ്പ് നേടിയെങ്കിലും റണ്‍ചേസിന്‍റെ ആദ്യ ഓവറില്‍ തന്നെ ജോസ് ബട്ട്ലര്‍ തിരിച്ചു പിടിക്കുകയായിരുന്നു.

20220415 103138

മത്സരത്തില്‍ മനോഹര കാഴ്ച്ചക്ക് കൂടി ഇന്നലെ സാക്ഷ്യം വഹിച്ചു. പ്രസീദ്ദ് കൃഷ്ണയെ സിക്സടിച്ചാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ ആദ്യം ഓറഞ്ച് ക്യാപില്‍ എത്തിയത്. അതുവരെ ഫീല്‍ഡില്‍ ഓറഞ്ച് ക്യാപ് അണിഞ്ഞു നിന്ന ജോസ് ബട്ട്ലറായിരുന്നു ഒന്നാമത്. ഹാര്‍ദ്ദിക്ക് പാണ്ട്യ ഒന്നാമത് എത്തിയ ഉടനെ ധരിച്ചിരുന്ന ഓറഞ്ച് ക്യാപ് ജോസ് ബട്ട്ലര്‍ അഴിച്ചു വച്ചു.

ഇന്നിംഗ്സിനു ശേഷം മാത്രമേ ഓറഞ്ച് ക്യാപ് മാറ്റേണ്ടാതായിരുന്നുള്ളു എങ്കിലും ബട്ട്ലറിന്‍റെ ഈ പ്രവര്‍ത്തിക്ക് കൈയടികള്‍ നല്‍കുകയാണ് ആരാധകര്‍. തിങ്കളാഴ്ച്ച കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം.