വിടാതെ ദൗർഭാഗ്യം, വീണ്ടും പരിക്കിൻ്റെ പിടിയിൽ ആർച്ചർ. തിരിച്ചുവരവ് വൈകും.

ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ പൊന്നും വിലയ്ക്ക് ആയിരുന്നു ഇംഗ്ലീഷ് പേസർ ജോഫ്രെ ആർച്ചറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പരിക്കുമൂലം താരം ഈ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കാൻ ഉണ്ടായിരുന്നില്ല. അടുത്ത സീസണിൽ താരം ടീമിനൊപ്പം ചേരും എന്ന് ആശ്വസിച്ച് ഇരിക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ് ടീമും ആരാധകരും.

ഇപ്പോഴിതാ എല്ലാവരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. ശസ്ത്രക്രിയക്ക് ശേഷം മടങ്ങിവരവിന് ഒരുങ്ങുന്നതിനിടെ താരത്തിന് വീണ്ടും പരിക്കേറ്റു. പരിക്കേറ്റതോടെ ഇക്കൊല്ലം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി 20 ലോകകപ്പ് അടക്കം മുഴുവൻ സീസണും താരത്തിന് നഷ്ടമാകും.

images 45 3

കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷം കൈമുട്ടിന് രണ്ട് ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ ആർച്ചർ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുവാൻ കഴിഞ്ഞ ആഴ്ചയായിരുന്നു താരം പരിശീലനം ആരംഭിച്ചത്. പിന്നാലെ പുറംവേദന തുടങ്ങുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് എല്ലുകൾക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തിയത്.

images 44 1

താരം ഇനി എന്നാണ് കളത്തിലേക്ക് മടങ്ങിയെത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ട്വൻറി 20 വേൾഡ് കപ്പ് ഒരുങ്ങുമ്പോൾ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് ആർച്ചറിൻ്റെ അഭാവം. ആർച്ചറിൻ്റെ പരിക്ക് മുംബൈ ഇന്ത്യൻസിനും കനത്ത തിരിച്ചടിയാണ്.