ഓരോവറിൽ സിക്സ് പൂരം :റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വംശജൻ

ക്രിക്കറ്റ്‌ ലോകമിപ്പോൾ വരാനിരിക്കുന്ന നിർണായക ഐസിസി ടി :20 ലോകകപ്പ് ആവേശത്തിലാണ്. ആരാധകർ എല്ലാം വളരെ ആവേശപൂർവ്വം കാത്തിരിക്കുന്ന ടി :20 പോരാട്ടങ്ങൾക്ക് മുൻപ് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുകയാണ് ഇപ്പോൾ അമേരിക്കയുടെ പഞ്ചാബിയായ താരം ജസ്‌ക്കരന്‍ മല്‍ഹോത്ര. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ മറ്റൊരു സിക്സ് റെക്കോർഡാണ് താരം നേടിയത്

ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സ് പറത്തിയ താരം അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു അമേരിക്കൻ താരം സ്വന്തമാക്കുന്ന ആദ്യത്തെ സെഞ്ച്വറി എന്ന നേട്ടവും കരസ്ഥമാക്കി.ഒമാനില്‍  പാപ്പുവ ന്യൂഗിനിക്കെതിരായ ഏകദിന മത്സരത്തിലാണ് ജസ്‌ക്കരന്‍ മല്‍ഹോത്ര മാസ്മരികമായ ബാറ്റിങ് പ്രകടനം ഇന്ന് പുറത്തെടുത്തത്.

അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ജസ്‌ക്കരന്‍ മല്‍ഹോത്ര 123 പന്തിൽ നിന്നും നാല് ഫോറും 16 സിക്സും പറത്തിയാണ് 173 റൺസ് അടിച്ചെടുത്തത്. നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് മാത്രം എന്ന നിലയിൽ തകർന്ന അമേരിക്കൻ ടീമിനെ ഒറ്റക്കാണ് താരം 271 റൺസ് ടോട്ടലിലേക്ക്‌ എത്തിച്ചത്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിലെ എല്ലാ ബൗളും സിക്സ് പായിച്ച നാലാമത്തെ മാത്രം താരമായി ജസ്‌ക്കരന്‍ മല്‍ഹോത്ര മാറി. ഇത്തവണ ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ അമേരിക്കൻ ടീമിന്റെ ബാറ്റിങ് പ്രതീക്ഷയാണ് താരം.

ഒമാനിൽ നടന്ന മത്സരത്തിൽ പാപ്പുവ ന്യൂഗിനിയയുടെ പ്രധാന ബൗളര്‍ ഗൗഡി ടോക്കക്കെതിരെയാണ് അമേരിക്കൻ സ്റ്റാർ ബാറ്റ്‌സ്മാൻ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.താരത്തിന്റെ എല്ലാ പന്തുകളും സിക്സ് പായിച്ച ജസ്‌ക്കരന്‍ മല്‍ഹോത്ര മത്സരത്തില്‍ അടിച്ചെടുത്ത 16 സിക്സ് നേട്ടം മറ്റൊരു റെക്കോർഡാണ്.