അത്‌ ധോണിയുടെ തീരുമാനം : വെളിപ്പെടുത്തി ഉത്തപ്പ

ഐപിൽ ആവേശം ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ലോകത്ത് സജീവമാകുമ്പോൾ എല്ലാ ആരാധകരിലും സസ്പെൻസ് സൃഷ്ടിച്ചത് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ്. നാല് താരങ്ങളെ ലേലത്തിന് മുൻപായി തന്നെ സ്‌ക്വാഡിൽ നിലനിർത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ആരാധകർക്ക് സന്തോഷം നൽകിയപ്പോൾ ടീമിന്റെ ക്യാപ്റ്റൻ ധോണിയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുക്കുന്നത്. മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്ഗ്വാദ്, മൊയിൻ അലി എന്നിവരെ ചെന്നൈ ടീം നിലനിർത്തിയപ്പോൾ ആൾറൗണ്ടർ ജഡേജക്കാണ്‌ 16 കോടി രൂപ ലഭിച്ചത്.

ടീമിന്റെ ഐക്കൺ പ്ലയറും ഇതിഹാസ നായകനുമായ ധോണിക്ക് 12 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം നൽകുന്നത്. ധോണിയെക്കാൾ ഉയർന്ന തുകക്ക് ജഡേജയെ ടീം സെലക്ട് ചെയ്തത് ഭാവിയിലേക്കുള്ള ഒരു പ്ലാൻ കൂടിയാണെന്നും ആരാധകർ എല്ലാം കരുതുന്നുണ്ട്. ഒരുപക്ഷേ ധോണി ഈ സീസണിന് പിന്നാലെ ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞാൽ ജഡേജയാകും അടുത്ത നായകനെന്നും ആരാധകരും ക്രിക്കറ്റ്‌ നിരീക്ഷകരും അഭിപ്രായപെടുന്നു. ഈ വിഷയത്തിൽ സമാന അഭിപ്രായവുമായി എത്തുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരമായ റോബിൻ ഉത്തപ്പ. ജഡേജക്ക്‌ 16 കോടി നൽകുന്നത് ധോണിയുടെ കൂടി അറിവോടെയാണെന്നും കൂടി ഉത്തപ്പ പറയുന്നു.

“ചെന്നൈ ടീം ഇത്തവണ ജഡേജയെ ആദ്യം നിലനിർത്തിയതിന് പിന്നിൽ ഏക കാരണം ധോണിയാണെന്നത് എനിക്ക് ഉറപ്പുണ്ട്.ജഡേജയാകും ധോണിക്ക് ശേഷം ക്യാപ്റ്റൻ റോളിലേക്ക് എത്തുക എന്നത് എനിക്ക് ഉറപ്പുണ്ട്.എന്താണോ രവീന്ദ്ര ജഡേജക്ക്‌ അർഹതപെട്ടത് അതാണ്‌ ഇപ്പോൾ നൽകിയിരിക്കുന്നത്. ജഡേജയുടെ മൂല്യം ചെന്നൈ ടീമിനും ധോണിക്കും അറിയാം “ഉത്തപ്പ പറഞ്ഞു