യുവരാജിന്റെ കരിയർ അവസാനിക്കാൻ കാരണം കോഹ്ലി. റോബിൻ ഉത്തപ്പ

ഇന്ത്യൻ ടീമിൽ യുവരാജ് സിംഗിന്റെ കരിയർ അവസാനിപ്പിക്കാൻ പ്രധാന കാരണമായി മാറിയത് അന്നത്തെ ഇന്ത്യൻ നായകനായ വിരാട് കോഹ്ലിയാണ് എന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. താൻ ക്യാപ്റ്റനായിരിക്കെ കോഹ്ലി ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ വലിയ കടുംപിടുത്തം നടത്തിയിരുന്നു എന്നാണ് ഉത്തപ്പ പറഞ്ഞത്.

ഇതോടെ യുവരാജിന് ടീമിലെ തന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു എന്നും ഉത്തപ്പ കൂട്ടിച്ചേർത്തു. “നായകന്മാർ പലതരത്തിലുണ്ട്. എല്ലാവരും തന്റെ നിലവാരത്തിൽ തന്നെ ടീമിൽ കളിക്കണം എന്ന് ആഗ്രഹിക്കുന്ന നായകനാണ് വിരാട് കോഹ്ലി. ഫിറ്റ്നസിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം കോഹ്ലിയ്ക്ക് ഈ നിർബന്ധമുണ്ട്.”- ഉത്തപ്പ പറയുന്നു.

“നിലവിൽ ക്രിക്കറ്റിൽ 2 തരത്തിലുള്ള നായകന്മാരാണുള്ളത്. തന്റെ വഴിക്ക് വരിക, അല്ലെങ്കിൽ ടീമിന് പുറത്തിരിക്കുക എന്ന നിലപാടുള്ള നായകന്മാരാണ് ഒരു വശത്ത്. മറുവശത്ത് തന്റെ സഹതാരങ്ങളുടെ കുറവുകൾ മനസ്സിലാക്കി അവരെ ചേർത്തുപിടിക്കുന്ന നായകന്മാരുമുണ്ട്. രോഹിത് ശർമ ഇത്തരത്തിൽ ഒരു നായകനായാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ ഈ 2 രീതികൾക്കും ഗുണവും ദോഷവുമുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ അന്ന് ക്യാൻസറിനെ അതിജീവിച്ച് ആയിരുന്നു യുവരാജ് സിംഗ് ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ശ്രമം നടത്തിയത്. എന്നാൽ ഇതിന് തടസ്സമായി മാറിയത് വിരാട് കോഹ്ലിയായിരുന്നു.”- ഉത്തപ്പ പറയുന്നു.

“അന്ന് ഇന്ത്യക്കായി 2 ലോകകപ്പുകൾ വിജയിച്ച് ജീവിതത്തിൽ പല കടമ്പകളും കടന്നാണ് യുവരാജ് സിംഗ് ടീമിലേക്ക് സ്ഥാനം കണ്ടെത്താൻ ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ കോഹ്ലി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഫിറ്റ്നസിന്റെ ടെസ്റ്റിൽ രണ്ടു പോയിന്റുകളുടെ ഇളവ് യുവരാജ് അന്ന് കോഹ്ലിയോട് ചോദിച്ചിരുന്നു. പക്ഷേ ഈയൊരു ഇളവ് നൽകാൻ കോഹ്ലിയോ ഇന്ത്യൻ ടീം മാനേജ്മെന്റോ തയ്യാറായില്ല. അങ്ങനെ ആയിരുന്നില്ല നമ്മൾ ലോകകപ്പ് വിജയിച്ച ഒരു താരത്തെ പരിഗണിക്കേണ്ടത്.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

“പിന്നീട് യുവരാജ് സിംഗിന് ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ വേണ്ട രീതിയിൽ ഫോം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ യുവരാജ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് യുവരാജിനെ ആരും തന്നെ ടീമിലെടുക്കാനും തയ്യാറായില്ല.”- ഉത്തപ്പ പറഞ്ഞുവെക്കുന്നു. 2019ലായിരുന്നു യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഉത്തപ്പ നടത്തിയ ഈ പരാമർശം ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

Previous articleഅവന്റെ പന്ത് മനസിലാക്കാൻ സമയമെടുക്കും, അതിന് മുമ്പ് അവന്‍ ഔട്ടാക്കും. ഇന്ത്യൻ പേസറെപറ്റി സ്മിത്ത്.