അരങ്ങേറ്റത്തിൽ ഹിറ്റായി ഇഷാൻ കിഷൻ :നേടിയത് അപൂർവ്വ നേട്ടങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ :ശ്രീലങ്ക ഏകദിന പരമ്പരക്ക് ഏറെ ആവേശകരമായ തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ലങ്കൻ ടീം 262 റൺസ് എന്ന കുറ്റൻ സ്കോർ അടിച്ചെടുത്ത് ഇന്ത്യൻ ടീമിനെ ഞെട്ടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീമിനും മികച്ച തുടക്കം നൽകിയത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ്.താരം തന്റെ അരങ്ങേറ്റ ഏകദിനത്തിൽ തന്നെ 59 റൺസ് അതിവേഗം അടിച്ചെടുത്തപ്പോൾ അത്യപൂർവ്വ നേട്ടങ്ങളും സ്വന്തമാക്കി.42 പന്തിൽ 8 ഫോറും 2 സിക്സും അടക്കം 59 റൺസ് നേടിയ താരം അരങ്ങേറ്റ ഏകദിന മത്സരത്തിൽ തന്നെ കഴിവ് തെളിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി :20 പരമ്പരയിൽ സൂര്യകുമാർ യാദവിനോപ്പം ടി :20 ക്രിക്കറ്റ് ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷൻ തന്റെ ഏകദിന അരങ്ങേറ്റവും സൂര്യകുമാർ യാദവിനോപ്പം തന്നെ ഏറെ ഗംഭീരമാക്കി. പൃഥ്വി ഷാ തുടക്കത്തിലേ വെടിക്കെട്ടിന് ശേഷം മടങ്ങിയപ്പോൾ ആദ്യ പന്ത് മുതലേ ഇഷാൻ കിഷൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഷോട്ടുകൾ കളിച്ചു. ജന്മദിനത്തിൽ തന്നെ ഫിഫ്റ്റി നേടി ഏകദിന അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷാൻ കിഷൻ പതിനെട്ടാം ഓവറിലാണ് പുറത്തായത്.

അതേസമയം ജന്മദിനത്തിൽ ഏകദിന അരങ്ങേറ്റത്തിനുള്ള ഭാഗ്യം ലഭിച്ച ഇഷാൻ കിഷന് തുണയായി മാറിയത് മലയാളി താരം സഞ്ജുവിന് പരിക്കേറ്റതോടെയാണ്. ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനം ബാറ്റിങ്ങിൽ കാഴ്ചവെച്ച താരം തന്റെ ജന്മദിനത്തിൽ ഏകദിന അരങ്ങേറ്റം നടത്തി മറ്റൊരു അപൂർവ്വ റെക്കോർഡും കരസ്ഥമാക്കി. ജന്മദിനത്തിൽ ഏകദിന അരങ്ങേറ്റം നടത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി ഇഷാൻ കിഷൻ മാറി.1990ൽ തന്റെ ഇരുപത്തിയേഴാം ജന്മദിനത്തിൽ ഗുർഷ്ഹരൺ സിംഗ് ഈ അപൂർവ്വ നേട്ടത്തിൽ എത്തിയിരുന്നു.