മിന്നലാക്രമണവുമായി ഇഷാന്‍ കിഷന്‍. സ്വന്തം നാട്ടില്‍ പറത്തിയത് 7 സിക്സ്

റാഞ്ചിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. സൗത്താഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ ഇന്ത്യ മറികടന്നു. ശ്രേയസ്സ് അയ്യര്‍ സെഞ്ചുറി നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ സെഞ്ചുറികരികെ പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 161 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

സ്വന്തം നാടായ റാഞ്ചിയില്‍ 84 പന്തില്‍ 4 ഫോറും 7 സിക്സും സഹിതം 93 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്കോര്‍ ചെയ്തത്. സ്കോര്‍ 93 റണ്‍സില്‍ നില്‍ക്കുമ്പോള്‍ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെയാണ് താരം പുറത്തായത്.

കഴിഞ്ഞ മത്സരത്തില്‍ വിമര്‍ശിച്ചവരെക്കാണ്ട് തന്നെ കയ്യടിപ്പിക്കാനും ഇഷാന് കഴിഞ്ഞു. ലക്നൗല്‍ നടന്ന മത്സരത്തില്‍ 37 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്. സ്ലോ ഇന്നിംഗ്സിന്‍റെ പേരില്‍ ഇഷാന്‍ കിഷന്‍ ഒരുപാട് വിമര്‍ശനം നേരിട്ടിരുന്നു.

സെഞ്ചുറി നഷ്ടമായതില്‍ പ്രശ്നമില്ലെന്നും ടീമിന്‍റെ വിജയമാണ് പ്രധാനം എന്ന് മത്സര ശേഷം യുവതാരം പറഞ്ഞു.