ഇത്രയും മാച്ച് വിന്നർമാർ ഉണ്ടായിട്ടും മുംബൈ എങ്ങനെ തോറ്റു? ഉത്തരം തേടി മുൻ താരം.

2025 ഐപിഎല്ലിൽ വളരെ നിരാശാജനകമായ ഒരു പരാജയമായിരുന്നു മുംബൈ ഇന്ത്യൻസ് ടീമിന് രണ്ടാം ക്വാളിഫയറിൽ നേരിടേണ്ടിവന്നത്. മത്സരത്തിൽ പഞ്ചാബിന്റെ നായകൻ ശ്രേയസ് അയ്യർ നിറഞ്ഞാടിയപ്പോൾ മുംബൈ ഇന്ത്യൻസ് വലിയ പരാജയം ഏറ്റുവാങ്ങുകയും ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇതിന് ശേഷം മുംബൈ ടീമിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇത്രയധികം മാച്ച്‌ വിന്നർമാർ ടീമിൽ ഉണ്ടായിട്ടും മുംബൈയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിക്കാതെ വന്നത് വലിയ നിരാശ ഉണ്ടാക്കുന്നു എന്ന് പത്താൻ പറയുന്നു.

തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇർഫാൻ പത്താൻ ഈ അഭിപ്രായം അറിയിച്ചത്. ഇത്രയധികം വമ്പൻ താരങ്ങൾ ഉണ്ടായിട്ടും മുംബൈയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിക്കാതെ വന്നത് വലിയ നിരാശയാണ് എന്ന് പത്താൻ പറയുന്നു. ഇക്കാര്യത്തിൽ മുംബൈ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് പത്താന്റെ വിലയിരുത്തൽ. ഓരോ താരങ്ങളുടെയും നിലവിലെ പ്രകടനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പത്താൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചത്. വലിയ സ്വീകാര്യതയാണ് പത്താന്റെ ഈ ട്വീറ്റിന് ലഭിച്ചത്.

“ബൂമ്ര ഒന്നാം നമ്പർ ബോളറാണ്. സൂര്യകുമാർ ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ്. രോഹിത് ശർമ നായകൻ എന്ന നിലയിൽ 5 തവണ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഹർദിക് പാണ്ട്യ നിലവിലെ ഇന്ത്യയുടെ പ്രീമിയം ഓൾറൗണ്ടറാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടങ്കയ്യൻ സ്പിന്നറാണ് സാന്റനർ. ട്വന്റി20 ക്രിക്കറ്റിൽ ആദ്യ ഓവറുകളിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരങ്ങളിൽ ഒരാളാണ് ട്രെന്റ് ബോൾട്ട്. ഇത്രയധികം മാച്ച്‌ വിന്നർമാർ ഉണ്ടായിട്ടും മുംബൈ ഇന്ത്യൻസിന് കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ മുംബൈയുടെ ആരാധകർ വലിയ നിരാശയിലാണ്. ഇക്കാര്യത്തെപ്പറ്റി മുംബൈ ടീം ചിന്തിക്കേണ്ടതുണ്ട്. ഒരിക്കലും ഒരു ട്വന്റി20 ടീമിൽ ഇത്രയുമധികം മാച്ച് വിന്നർമാരെ നമുക്ക് ലഭിക്കില്ല.”- പത്താൻ പറയുന്നു.

പഞ്ചാബിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറുകളിൽ 203 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം പഞ്ചാബിന് ലഭിച്ചിരുന്നില്ല. എന്നാൽ നായകൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. അയ്യർ 41 പന്തുകളിൽ 5 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 87 റൺസാണ് സ്വന്തമാക്കിയത്. 5 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ പഞ്ചാബ് സ്വന്തമാക്കിയത്.