സഞ്ജുവിനെ ഇന്ത്യ അവഗണിച്ചത് ശരിയായില്ല. പിന്തുണയുമായി ഇർഫാൻ പത്താൻ രംഗത്ത്.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയതിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസമായിരുന്നു ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ മലയാളി താരം സഞ്ജു സാംസണെ യാതൊരു ദാക്ഷണ്യവുമില്ലാതെ ഇന്ത്യ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. ഇതിനെതിരെയാണ് പത്താൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സഞ്ജുവിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് വളരെയധികം നിരാശയുണ്ടാക്കുന്നുണ്ട് എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആയിരുന്നു ഇർഫാൻ പത്താൻ പ്രതികരണം അറിയിച്ചത്.

“ഞാനായിരുന്നു ഇപ്പോൾ സഞ്ജുവിന്റെ സ്ഥാനത്തെങ്കിൽ എനിക്ക് വലിയ നിരാശ തന്നെ ഇത്തരമൊരു തീരുമാനം ഉണ്ടാക്കിയേനെ”- ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു. മുൻപ് 2023 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും സഞ്ജുവിനെ ഇന്ത്യ മാറ്റി നിർത്തിയിരുന്നു. ശേഷം 2023 ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഒരു റിസർവ് ബാക്കപ്പ് കളിക്കാരനായിയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. എന്നിരുന്നാലും സഞ്ജുവിന് ഏഷ്യാകപ്പിൽ ഒരു മത്സരത്തിൽ പോലും പങ്കെടുക്കാൻ സാധിച്ചില്ല. ഇതിനുശേഷമാണ് ഇപ്പോൾ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള സ്ക്വാഡിലും സഞ്ജുവിന് അവഗണന ലഭിച്ചിരിക്കുന്നത്.

എന്നാൽ തിലക് വർമ, ഋതുരാജ് എന്നീ യുവ ബാറ്റർമാരെ ഇന്ത്യ ഏകദിന സ്‌ക്വാഡിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഏഷ്യാകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു തിലക് വർമ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ കേവലം 5 റൺസ് മാത്രമാണ് തിലക് വർമയ്ക്ക് നേടാൻ സാധിച്ചത്. എന്നാൽ ഋതുരാജ് ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിനുള്ള ടീമിന്റെ നായകനാണ്. എന്നിരുന്നാലും ഇതുവരെ ഇന്ത്യയ്ക്കായി ഏകദിന മത്സരങ്ങളിൽ ഓർത്തു വയ്ക്കാവുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഋതുരാജിനും സാധിച്ചിട്ടില്ല. ഈ രണ്ടു താരങ്ങളെയും സ്ക്വാഡിൽ ഉൾപ്പെടുത്തി മലയാളി താരം സഞ്ജു സാംസനെ പുറത്താക്കിയതിനെതിരെ വലിയ രീതിയിലുള്ള ജനരോക്ഷവും ഉയരുന്നുണ്ട്.

സൂര്യകുമാർ യാദവും ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ അണിനിരക്കുന്നു എന്നതും കൂടുതൽ ആശങ്കയുണ്ടാക്കുന്നു. ഇതുവരെയും ഏകദിന ക്രിക്കറ്റിൽ മികവുപുലർത്താൻ സാധിക്കാത്ത ബാറ്റർമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്. ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 34 പന്തുകളിൽ 26 റൺസായിരുന്നു സൂര്യകുമാർ നേടിയത്. ഇതുവരെ ഏകദിന കരിയറിൽ 24.41 ശരാശരിയിൽ 538 റൺസാണ് സൂര്യകുമാർ യാദവ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലും സൂര്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇതിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സഞ്ജു ഇപ്പോഴും പുറത്തു നിൽക്കുകയാണ്.

സൂര്യകുമാർ യാദവിനെയും തിലക് വർമയെയും ഋതുരാജിനെയും അപേക്ഷിച്ചു നോക്കിയാൽ സഞ്ജു സാംസൺ തന്നെയാണ് മികച്ച ക്രിക്കറ്റർ. ഇതുവരെ 13 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസൺ 55.71 ശരാശരിയിൽ 390 റൺസ് നേടിയിട്ടുണ്ട്. 3 അർത്ഥ സെഞ്ച്വറികളാണ് സഞ്ജു തന്റെ ഏകദിന കരിയറിൽ നേടിയിട്ടുള്ളത്. അവസാനമായി വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു സഞ്ജു ഏകദിനം കളിച്ചത്. മത്സരത്തിൽ 41 പന്തുകളിൽ 51 റൺസും സഞ്ജു നേടി. എന്നാൽ വീണ്ടും സഞ്ജുവിന് അവഗണന തന്നെയാണ് ഫലം.