മെൽബൺ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഒരുപാട് വിവാദങ്ങൾ നിറഞ്ഞതായിരുന്നു. കോഹ്ലിയും ഓസ്ട്രേലിയയുടെ യുവതാരം കോൺസ്റ്റസും തമ്മിൽ മൈതാനത്ത് നടന്ന പോരുകൾ വലിയ ശ്രദ്ധ നേടി. എന്നാൽ ഇതിനിടെ ഓസ്ട്രേലിയൻ ബാറ്റർമാരായ മാര്‍നസ് ലബുഷൈനും കോൺസ്റ്റസിനുമേതിരെ ഇന്ത്യയുടെ മുൻ താരങ്ങളായ സുനിൽ ഗവാസ്കറും ഇർഫാൻ പത്താനും രംഗത്തെത്തുകയുണ്ടായി.
ഓസ്ട്രേലിയൻ ബാറ്റർമാർ തുടർച്ചയായി പിച്ചിനുള്ളിലൂടെ ഓടുന്ന സമയത്താണ് കമന്റ്റി പാനലിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്കറും പത്താനും വിമർശനവുമായി രംഗത്തെത്തിയത്. അമ്പയർ ഇത്തരം കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കണമെന്നും ഇരുതാരങ്ങളും ചെയ്തത് വലിയ തെറ്റാണെന്നും ഗവാസ്കർ പറയുകയുണ്ടായി.
കോൺസ്റ്റസും ലബുഷൈനും തുടർച്ചയായി പിച്ചിന്റെ മധ്യഭാഗത്ത് കൂടി ഓടുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമ ശ്രദ്ധിച്ചിരുന്നു. ശേഷം രോഹിത് ഇത് അമ്പയറുമായി സംസാരിക്കുകയും ചെയ്തു. വീണ്ടും താരം ഇത് ആവർത്തിച്ചപ്പോഴാണ് ഇര്‍ഫാന്‍ പത്താനും ഗവാസ്കറും കമന്ററി ബോക്സിൽ പ്രതികരിച്ചത്. ഇർഫാൻ പറഞ്ഞത് ഇങ്ങനെയാണ്. “രോഹിത് ശർമ ഇക്കാര്യം ലബുഷൈനോട് പറയുകയുണ്ടായി. പിച്ചിന്റെ മധ്യത്തിലൂടെ ഓടരുത് എന്ന് അവൻ കാട്ടിക്കൊടുത്തു. കാരണം അത് മത്സരത്തെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.”- പത്താൻ പറഞ്ഞു.
ഇതിന് ഗവാസ്കർ നൽകിയ മറുപടിയും കൃത്യമായിരുന്നു. “ലബുഷൈൻ മാത്രമല്ല കോൺസ്റ്റസും മത്സരത്തിൽ ഇത് ചെയ്യുന്നുണ്ട്. പീച്ചിന്റെ കൃത്യമായ മധ്യഭാഗത്ത് കൂടിയാണ് അവനും ഓടുന്നത്. ആരും തന്നെ ഇതിനൊന്നും പറയുന്നില്ല.”- ഗവാസ്കർ പറഞ്ഞു. എന്നാൽ ഇത് അമ്പയർമാരുടെ ജോലിയാണ് എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. ഇത്തരമൊരു അനീതി മൈതാനത്ത് കണ്ടിട്ടും അമ്പയർമാർ കണ്ടുകൊണ്ട് നിൽക്കുകയാണ് എന്ന് സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടി. രോഹിത്തും ലബുഷൈനും തമ്മിൽ ഇക്കാര്യത്തിൽ സംഭാഷണം നടന്നിട്ടും അമ്പയർ പ്രതികരിച്ചില്ല എന്ന വിമർശനവും ഗവാസ്കർ മുൻപിലേക്ക് വെച്ചു.
മത്സരത്തിൽ വിരാട് കോഹ്ലിയും കോൺസ്റ്റസും തമ്മിൽ നടന്ന വാക്‌പോരും ശാരീരികമായ പോരാട്ടവുമാണ് വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചത്. മത്സരത്തിൽ ഇന്ത്യൻ ബോളർമാർക്കെതിരെ പൂർണ്ണമായ ആക്രമണം അഴിച്ചുവിടാൻ കോൺസ്റ്റസിന് സാധിച്ചിരുന്നു. ഇതിനുശേഷം കോഹ്ലി മൈതാനത്ത് കൂടി നടന്നു വരികയും കോൺസ്റ്റസിനെ തോളിൽ ഇടിക്കുകയും ചെയ്തു. പിന്നീട് കോഹ്ലിയ്ക്ക് മാച്ച് ഫീസിന്റെ 20% പിഴയായി നൽകണമെന്ന് ഐസിസി വിധിച്ചു. മാത്രമല്ല ഐസിസി നിയമം ലംഘിച്ചതിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റും കോഹ്ലിയ്ക്ക് ലഭിക്കുകയുണ്ടായി.