കഴിഞ്ഞ രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല :തുറന്ന് പറഞ്ഞ് യുവ താരം

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും വലിയ സവിശേഷതയായിരുന്നു പുതിയ രണ്ട് ടീമുകളുടെ വരവ്. രണ്ട് പുത്തൻ ടീമുകൾ ഇന്നലെ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയത്തിന്റെ മധുരം നുണഞ്ഞത് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടീമാണ്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ലക്ക്നൗ ടീമിന് എതിരെ തിളങ്ങിയ ഹാർദിക്ക് പാന്ധ്യയും സംഘവും രണ്ട് പോയിന്റും കരസ്ഥമാക്കി. അതേസമയം ഇന്നലത്തെ മത്സരത്തിൽ ഏറ്റവും അധികം കയ്യടികൾ നേടിയത് ലക്ക്നൗ ടീം യുവ താരമായ ആയുഷ് ബദോനിയാണ്.

ആദ്യം ബാറ്റ് ചെയ്ത ലക്ക്നൗ ടീം ബാറ്റിങ് തകർച്ചയെ നേരിട്ടപ്പോൾ എത്തിയ താരം തുടക്കത്തിൽ കരുതലോടെ കളിച്ച ശേഷം അരങ്ങേറ്റ ഐപിൽ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടി. 22 വയസ്സുകാരനായ താരം വെറും 41 ബോളിൽ നിന്നുമാണ് 54 റൺസ്‌ അടിച്ചെടുത്തത്.മൂന്ന് സിക്സ് അടക്കം നേടി ലക്ക്നൗ സ്കോർ 150 കടത്തിയ താരം അവസാനത്തെ ഓവറിൽ മാത്രമാണ് പുറത്തായത്.

മത്സരത്തിന് ശേഷം തന്റെ അരങ്ങേറ്റ മത്സരത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ ആയുഷ് ബദോനി. ഒരുവേള താൻ ഈ മത്സരത്തിന് മുൻപായി വളരെ ടെൻഷനിലായിരുന്നുവെന്ന് പറഞ്ഞ യുവ താരം സ്കോർ നോക്കാതെയാണ് താൻ കളിച്ചതെന്നും വിശദമാക്കി. “ഞാൻ അർദ്ധ സെഞ്ച്വറി പിറന്നത് പോലും അറിഞ്ഞിരുന്നില്ല. ഞാൻ ഫിഫ്റ്റി അടിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല.സ്കോർ നോക്കാതെ കളിക്കാൻ തന്നെയാണ് ഞാൻ മാക്സിമം ശ്രമിച്ചത്.ആദ്യത്തെ ബൗണ്ടറി നേടിയതോടെ എനിക്ക് പൂർണ്ണ ആത്മവിശ്വാസം നേടാനായി കഴിഞ്ഞു.”യുവ താരം പറഞ്ഞു.

പവർപ്ലേയിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായ ലക്ക്നൗ ടീമിനായി ദീപക് ഹൂഡയും ആയുഷ് ബദോനീയും തിളങ്ങിയതോടെയാണ് സ്കോർ 150 കടന്നത്. “തീർച്ചയായും എനിക്ക് മത്സരത്തിന് മുൻപ് അൽപ്പം സമ്മർദ്ദം തോന്നി. ഞാൻ തലേ ദിവസം മൊത്തം ചിന്തിച്ചത് ഈ ദിവസത്തെ കുറിച്ചാണ്. എനിക്ക് തലേ ദിവസം ഉറങ്ങാൻ പോലും കഴിഞ്ഞില്ല. പക്ഷേ ആദ്യത്തെ ബൗണ്ടറി നേടിയതോടെ എനിക്ക് എന്റെ ആത്മവിശ്വാസത്തിലേക്ക് എത്താൻ സാധിച്ചു “ബദോനി വാചാലനായി. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കുന്ന താരം ഇന്ത്യൻ അണ്ടർ 19 ടീമിനായും കളിച്ചിട്ടുണ്ട്.