അഹമ്മദാബാദിന്‍റെ ക്യാപ്റ്റന്‍ ആര് ? ഇവരെ റാഞ്ചുമോ ?

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ അഹമ്മദാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങൾ ആസ്ഥാനമായി രണ്ട് പുതിയ ടീമുകൾ വരുന്ന വാർത്തയെ വലിയ ആവേശത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വരവേറ്റത്. പുതിയ ടീമുകൾ വന്നതോടെ, ഡിസംബറിൽ മെഗാ താരലേലം നടക്കും. നിലവിലെ താരങ്ങളെ നിലനിർത്തുന്നതിൽ നിബന്ധനകളുണ്ടാകും. അതോടെ ഏതൊക്കെ താരങ്ങൾ ഈ ടീമുകളിൽ ഇടം പിടിക്കുമെന്നുള്ള തിരക്കേറിയ ചർച്ചകൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചൂട് പിടിക്കുകയാണ്.

ലണ്ടൻ ആസ്ഥാനമായ സി.വി.സി. ക്യാപിറ്റൽ പാർട്‌ണേഴ്‌സാണ് അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കിയത്. അഹമ്മദാബാദ് തങ്ങളുടെ ക്യാപ്റ്റൻ ആക്കാൻ ശ്രമിച്ചേക്കാവുന്ന 3 താരങ്ങൾ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

വാർണർ ബ്രദർ – ഡേവിഡ് വാർണർ

നിലവിൽ ഐ പി എല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് താരമായ വാർണർക്ക് നിലവിൽ കാര്യങ്ങൾ അത്ര പന്തിയല്ല.ഇക്കഴിഞ്ഞ ഐ പി എല്ലിലും നടന്ന് കൊണ്ടിരിക്കുന്ന ട്വന്റി ട്വന്റി വേൾഡ് കപ്പിൽ ഇത് വരെയും തന്റെ മികവിന്റെ അടുത്തേക്കെങ്ങും എത്താൻ ഈ ഓസ്‌ട്രേലിയൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ ഈ മുപ്പത്തിനാല്കാരൻ ഇടങ്കയ്യൻ ബാറ്റ്സ്മാനെ അങ്ങനങ് എഴുത്തിതള്ളാൻ വരട്ടെ. ഓസ്‌ട്രേലിയയ്ക്ക് പുറമേ ന്യൂ സൗത്ത് വെയിൽസ്, ഡർഹം, ഡൽഹി ഡെയർഡെവിൾസ്, മിഡിൽസെക്‌സ് പാന്തേഴ്‌സ്, സിഡ്‌നി തണ്ടേഴ്‌സ്, സിഡ്‌നി സികസേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള വാർണരുടെ പരിചയ സമ്പത്ത് വലിയ ഘടകം തന്നെയാണ്. 2016 ൽ സൺറൈസേഴ്‌സ് ഹൈദ്രാബാദിനെ ഐ പി എൽ ചാമ്പ്യൻമാരാക്കുന്നതിൽ ക്യാപ്റ്റാനായിരുന്ന വാർണറുടെ പങ്ക് വളരെ വലുതായിരുന്നു.

ബിഗ് ബാഷിന്റെ ആദ്യ സീസണിൽ സിഡ്‌നി തണ്ടറിന്റേയും ക്യാപ്റ്റൻ വാർണർ ആയിരുന്നു. ഫോമിലായാൽ അത്യന്തം അപകടകാരിയായ ബാറ്റ്‌സ്മാൻ ആണെന്നതിന് പുറമേ മികച്ച ഫീൽഡറും കൂടിയായ വാർണർ ആരാധകർക്കും പ്രിയപ്പെട്ടവനാണ്. ഇതെല്ലാം കൊണ്ട് സ്റ്റീവ് സ്മിത്ത്, ഓയിൻ മോർഗൻ, കീറോൺ പൊള്ളാർഡ് എന്നീ ഫോറിൻ ക്യാപ്റ്റൻ ചോയ്സുകൾ ഉണ്ടെങ്കിലും വാർണർ അഹമ്മദാബാദ് ടീമിന്റെ നായക സ്ഥാനത്തേക്കുള്ള ആദ്യ പരിഗണന ആകാൻ സാധ്യതയുണ്ട്. മാത്രവുമല്ല ഏറ്റവും കൂടുതൽ വാർണറുമായി കംപാരിസൻ നടക്കാൻ സാധ്യതയുള്ള സ്റ്റീവ് സ്മിത്തിനെ ലക്‌നൗ ടീം ഉടമസ്ഥരായ ആർ പി ജി എസ് തങ്ങളുടെ പഴയ ടീം ക്യാപ്റ്റൻ എന്ന നിലയിൽ നോട്ടമിടാൻ സാധ്യത കൂടുതലായതിനാൽ വാർണർ നല്ലൊരു ഓപ്‌ഷനാണ്.

അയ്യർ ദി ഗ്രേറ്റ് – ശ്രേയസ്സ് അയ്യർ

ഒരു ഇന്ത്യൻ യുവതാരം ക്യാപ്റ്റനാവുക എന്ന നിലയിൽ ശ്രേയസ്സ് അയ്യർ നല്ലൊരു ചോയ്സാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ദേശീയ ടീമിന് പുറമേ പ്രാദേശിക തലത്തിൽ മുംബൈ താരവും ഐ പി എല്ലിൽ നിലവിൽ ഡൽഹി ക്യാപ്പിറ്റൽസ് താരവുമാണ് അയ്യർ. ഇരുപത്തിയാറ് വയസ്സ് മാത്രമേ അയ്യർക്കുള്ളൂ എന്നത് ദീർഘ കാല ക്യാപ്റ്റൻ എന്നുള്ള ആലോചനയിൽ അഹമ്മദാബാദ് ടീമിനെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ ആയിരുന്ന അയ്യർക്ക് ഇടക്ക് സംഭവിച്ച പരിക്ക് മാറിയപ്പോൾ പക്ഷെ തൽസ്ഥാനത്തു തുടരാൻ കഴിയാത്ത അവസ്ഥ വന്നെങ്കിലും 2019 നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ഡൽഹിയെ ഐ പി എൽ പ്ലെ ഓഫിലെത്തിച്ച അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അതിനോടകം തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കൂൾ എന്ന പദം ചേർത്തു വെക്കാൻ പറ്റിയ ക്യാപ്റ്റൻ. ഒട്ടേറെ യുവതാരങ്ങളാൽ സമ്പന്നമായ ഡൽഹിക്ക് അയ്യരെ പുതിയ സീസണിൽ നിലനിർത്താൻ സാധിക്കില്ലെങ്കിൽ ഒരു പക്ഷെ അഹമ്മദാബാദ് അയ്യർ എന്ന ഓപ്‌ഷനിലേക്ക് എത്തിയേക്കാം.

ക്ലാസിക് – കെ എൽ രാഹുൽ

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനുവേണ്ടിയും പ്രാദേശിക തലത്തിൽ കർണാടക ക്രിക്കറ്റ് ടീമിനു വേണ്ടിയും കളിക്കുന്ന രാഹുൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ പഞ്ചാബ് കിങ്സിനു വേണ്ടിയാണ് ഇക്കഴിഞ്ഞ ഐ പി എല്ലിൽ കളിക്കുന്നത്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കൂടിയായിരുന്നു രാഹുൽ. ടോപ് – ഓർഡർ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് എന്ന പരിഗണനയും നിലവിലെ ഇന്ത്യൻ ടീം ടി 20 ടീം അംഗം എന്നതും രാഹുലിന് അനുകൂലമായ ഘടകങ്ങളാണ്. ക്യാപ്റ്റൻസിയിൽ അത്ര മികവ് പ്രകടിപ്പിച്ചില്ലെങ്കിലും ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ശേഷിയുള്ള രാഹുൽ അഹമ്മദാബാദ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള ചർച്ചകളിൽ സജീവമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, ശിഖർ ധവാൻ, രവിചന്ദ്ര അശ്വിൻ എന്നീ ചോയ്സുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിലും രാഹുലിന് തന്നെയാണ് കൂടുതൽ സാധ്യത. 2013 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലാണ് രാഹുൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി അരങ്ങേറ്റം കുറിച്ചത്. 2014 ഐ.പി.എല്ലിനു മുൻപ് സൺറൈസേഴ്സ് ഹൈദരാബാദ്, 1 കോടി രൂപയ്ക്ക് രാഹുലിനെ വാങ്ങി. എന്നാൽ പിന്നീട് 2016 – ൽ വീണ്ടും ബാംഗ്ലൂർ, രാഹുലിനെ തിരികെയെത്തിക്കുകയും ചെയ്തു. നിലവിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ രാഹുൽ ടീമിന്റെ ബാറ്റിങ് യൂണിറ്റിന്റെ ബാറ്റൺ ടാങ്ക് ആയിരുന്നു എന്നതും രാഹുലിന്റെ മൂല്യമുയർത്തുന്നു.

കാര്യങ്ങൾ ഇങ്ങനെ ഊഹിക്കാമെങ്കിലും ഒന്ന് പറഞ്ഞു കൊള്ളട്ടെ. നാം പദ്ധതികൾ വിഭാവനം ചെയ്യുന്നു ; അന്തിമ തീരുമാനം അഹമ്മദാബാദിന്റേതത്രേ…

തയ്യാറാക്കിയത് – സുനിൽ ലൂയിസ്