ഇത്തവണ കാണികളില്ലാത്ത ഐപിൽ : വമ്പൻ മാറ്റങ്ങളോടെ എത്തുന്ന ഐപിഎല്ലിൽ ചില സർപ്രൈസുകളും – അറിയാം ഇത്തവണത്തെ ഐപിൽ കാഴ്ചകൾ

ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി .ഇന്നലെ പൂനെയിൽ നടന്ന അവസാനത്തെ ഏകദിനത്തിൽ ഇന്ത്യ ഏഴ് റൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് .ഇതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് 2 മാസത്തെ ഇടവേള സംജാതമായി .ഇനി ക്രിക്കറ്റ് പ്രേമികൾ  ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമാവും .ഒരു വര്‍ഷത്തെ നീണ്ട  ഇടവേളക്ക് ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്‍ ജന്മനാടായ  ഇന്ത്യയിലേക്ക്  മടങ്ങിയെത്തുകയാണ്. 14ാം സീസണ്‍  ഐപിഎല്ലിന് ഏപ്രില്‍ ഒമ്പതിനാണ്  തുടക്കമാവുക .കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ സീസണ്‍ ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ തവണ യുഎഇയിലെ മൂന്ന്  വേദികളിലായി  പൂർണ്ണമായി അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു  മത്സരങ്ങൾ നടന്നത് .

വീണ്ടും ഐപിൽ മത്സരങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഒട്ടേറെ മാറ്റങ്ങളും നമുക്ക് കാണാം .ഇന്ത്യയില്‍ നടന്ന മുന്‍ സീസണുകളിലേത്  പോലെ ഇത്തവണത്തെ ഐപിഎല്ലില്‍ ഒരു ടീമിനും ഹോം ഗ്രൗണ്ടിന്റെ പ്രത്യേക ആനുകൂല്യമുണ്ടാവില്ല  .ഹോം &എവേ മത്സരങ്ങളില്ലാതെ  നിഷ്പക്ഷ വേദികളിലാണ് ഇത്തവണ  മുഴുവന്‍ മല്‍സരങ്ങളും ഐപിഎല്ലിൽ നടക്കുക .
56 മത്സരങ്ങളാണ് ഐപിഎല്ലിലുള്ളത്. ഇതില്‍ 10 വീതം മത്സരങ്ങള്‍ക്ക് ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നീ നഗരങ്ങല്‍ വേദിയാവും. അഹമ്മദാബാദിലും ദില്ലിയിലും എട്ട് മത്സരങ്ങള്‍ വീതം നടക്കും. ഹോംഗ്രൗണ്ടില്‍ ഒരു ടീമിനും മത്സരം അനുവദിച്ചിട്ടില്ല. ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങളും ഫൈനലും അഹമ്മദാബാദിലാണ് നടക്കുക. മെയ് 25, 26, 28, 30 തിയ്യതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക. 

ഇത്തവണത്തെ ഐപിഎല്ലിന്റെ മറ്റൊരു സവിശേഷതയാണ് മത്സരങ്ങൾ എല്ലാം തന്നെ അടച്ചിട്ട സ്റ്റേഡിയത്തിൽ തന്നെ  നടത്തുന്നത് .കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ബിസിസിഐ കാണികളെ ആരെയും  സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു .ഹോം ഗ്രൗണ്ടുകളിൽ മത്സരങ്ങൾ ഇല്ലാത്തതിന് പുറമെ കാണികളുടെ വരവും ഇല്ലാതായത് താരങ്ങളുടെ ആത്മവിശ്വാസം കുറക്കുമോയെന്ന ആശങ്ക ഫ്രാഞ്ചൈസികൾക്കുണ്ട് .

ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായി ടീമുകൾ തങ്ങളുടെ പുതിയ ടീം ജേഴ്സി പുറത്തിറക്കി കഴിഞ്ഞു .ഐപിഎല്ലിലെ എല്ലാ ഫ്രാഞ്ചൈസികളും പുതിയ ജഴ്‌സിയിലാണ് ഇത്തവണയിറങ്ങുക. പുതിയ സ്‌പോണ്‍സര്‍മാര്‍ കൂടെ  വന്നതോടെയാണ് ടീമുകൾ  ജഴ്‌സിയിലും മാറ്റം വരുത്തേണ്ടിവന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകള്‍ ഇതിനകം പുതിയ ജഴ്‌സി  പുറത്തിറക്കിക്കഴിഞ്ഞു.

കൂടാതെ  ഇത്തവണ ഐപിഎല്ലിനിടെ ഓസീസ് താരങ്ങളെ പരസ്യത്തിന്  ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്ത് എത്തിയത് ഏറെ ചർച്ചയായി . ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നൽകി. ബെറ്റിംഗ്, ഭക്ഷണം, മദ്യം, പുകയില ഉത്പന്നങ്ങൾ  എന്നിവയുടെ പരസ്യങ്ങളിൽ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പേരോ ഫോട്ടോയോ പാടില്ലെന്നാണ് നിര്‍ദ്ദേശം.

എന്നാൽ അടുത്ത മാസം  ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടുന്ന തീരുമാനങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പിലാക്കുമെന്ന് ബിസിസിഐ അറിയിച്ചത് ക്രിക്കറ്റ് ലോകത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത് .ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സമാന ആവശ്യം ഇംഗ്ലണ്ട് പരമ്പരക്കിടയിൽ പറഞ്ഞിരുന്നു .