സൂര്യകുമാർ എന്ന തീപ്പന്തം. ആദ്യ ഐപിഎൽ സെഞ്ച്വറി 49 പന്തിൽ. ഗുജറാത്തിനെ പറത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി സൂര്യകുമാർ യാദവ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെയാണ് സൂര്യ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ മൂന്നക്കം കണ്ടത്. മത്സരത്തിൽ വലിയ പതർച്ചയിലേക്ക് പോയ മുംബൈ ഇന്ത്യൻസിനെ ഈ തകർപ്പൻ സെഞ്ച്വറിയോടെ സൂര്യകുമാർ കൈപിടിച്ച് കയറ്റുകയായിരുന്നു.  ക്യാമറോൺ ഗ്രീനിന് പകരക്കാരനായി മൂന്നാം നമ്പറിലാണ് സൂര്യകുമാർ യാദവ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോൾ മുതൽ യാതൊരുതരത്തിലും പിന്നോട്ട് പോകാൻ സൂര്യകുമാർ തയ്യാറായില്ല.

ഒരുവശത്ത് വിക്കറ്റുകൾ തുടർച്ചയായി പോയിക്കൊണ്ടിരുന്നപ്പോഴും സൂര്യകുമാർ തന്റെ ഷോട്ടുകൾ കളിക്കുക തന്നെ ചെയ്തു. നാലാം വിക്കറ്റിൽ വിഷ്ണു വിനോദൂമൊപ്പം ചേർന്ന് 65 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടായിരുന്നു സൂര്യ കെട്ടിപ്പടുത്തത്. വിഷ്ണു വിനോദ് പുറത്തായ ശേഷവും സൂര്യ തന്റെ ആക്രമണം തുടർന്നു. അങ്ങനെ അവസാന ഓവറുകളിൽ ഗുജറാത്ത് ബോളർമാരെ ഇന്നവേറ്റീവ് ഷോട്ടുകൾ കൊണ്ട് സൂര്യ പഞ്ഞിക്കിടുകയായിരുന്നു. മത്സരത്തിൽ 49 പന്തുകളിൽ 103 റൺസാണ് സൂര്യകുമാർ നേടിയത്. 11 ബൗണ്ടറികളും ആറു പടുകൂറ്റൻ സിക്സറുകളും സൂര്യയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. അവസാന പന്തിൽ ഒരു തകർപ്പൻ സിക്സർ നേടിയായിരുന്നു സൂര്യ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ മുംബൈ പിച്ചിൽ വളരെ മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമയും(29) ഇഷാനും(31) മുംബൈയ്ക്ക് നൽകിയത്. എന്നാൽ ഇരുവരുടെയും വിക്കറ്റ് ചെറിയ ഇടവേളയിൽ തന്നെ പോയതോടെ മുംബൈ തകരുകയായിരുന്നു. തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമായ മുംബൈ 200 കടക്കില്ല എന്ന് എല്ലാവരും കരുതി. എന്നാൽ വിഷ്ണു വിനോദ് ക്രീസിൽ എത്തിയതോടെ സൂര്യകുമാർ യാദവ് കൂടുതൽ ഊർജ്ജസ്വലനായി.

മത്സരത്തിൽ വിഷ്ണു വിനോദ് 20 പന്തുകളിൽ 30 റൺസ് ആണ് നേടിയത്. രണ്ടു ബൗണ്ടറുകളും രണ്ട് സിക്സറുകളും വിഷ്ണുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. അവസാന ഓവറുകളിൽ മറ്റു ബാറ്റർമാർക്ക് ആർക്കും ഒന്നും ചെയ്യേണ്ടി വന്നില്ല. സൂര്യകുമാർ തന്നെ ആക്രമണം പൂർണമായും അഴിച്ചുവിടുകയായിരുന്നു. മത്സരത്തിൽ 218 റൺസ് ആണ് മുംബൈ ഇന്ത്യൻസ് നേടിയിട്ടുള്ളത്.