മികച്ച തുടക്കം, എന്നിട്ടും സഞ്ജു കലമുടച്ചു. നേടിയത് 20 പന്തുകളിൽ 30 റൺസ്.

image 1

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. മത്സരത്തിൽ ജോസ് ബട്ലർ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു സാംസൺ പവർപ്ലേ ഓവറുകളിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് കാഴ്ചവെച്ചത്. ക്രീസിലെത്തിയ ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്ന സഞ്ജു സാംസനെയാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 20 പന്തുകളിൽ 30 റൺസ് ആണ് സഞ്ജു നേടിയത്. എന്നാൽ ലഭിച്ച മികച്ച തുടക്കം വലിയ ഇന്നിംഗ്സാക്കുന്നതിൽ സഞ്ജു വീണ്ടും പരാജയപ്പെടുകയായിരുന്നു.

മത്സരത്തിൽ ആറു പന്തുകളിൽ എട്ടു റൺസെടുത്ത ജോസ് ബട്ലർ കൂടാരം കയറിയപ്പോഴാണ് സഞ്ജു ക്രീസിൽ എത്തിയത്. ശേഷം നാലാം ഓവറിൽ ഹർദിക്ക് പാണ്ട്യയുടെ പന്തുകളിൽ സഞ്ജു തന്റെ സംഹാരം ആരംഭിച്ചു. നാലാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയും, രണ്ടാം പന്തിൽ ഒരു തകർപ്പൻ സിക്സറും നേടാൻ സഞ്ജു സാംസണ് സാധിച്ചു. ശേഷം അഞ്ചാം ഓവറിൽ മുഹമ്മദ് ഷാമിക്കെതിരെ തേർഡ് മാനിലേക്ക് ഒരു തകർപ്പൻ ബൗണ്ടറിയും സഞ്ജു നേടുകയുണ്ടായി. പിന്നീട് ഏഴാം ഓവറിൽ ജോഷ്വാ ലിറ്റിലിനെയും സഞ്ജു അതിർത്തി കടത്തിയിരുന്നു. എന്നാൽ ലിറ്റിലിന്റെ പന്തിൽ തന്നെ സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്.

Read Also -  ദുലീപ് ട്രോഫിയിലും മാറ്റമില്ല, വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു. നേടിയത് 5 റൺസ് മാത്രം.

ഏഴാം ഓവറിലെ അവസാന പന്തിൽ ഒരു ഫ്ലിക്ക് ഷോട്ടിന് ശ്രമിക്കുകയായിരുന്നു സഞ്ജു സാംസൺ. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് ഉയർന്നു. ഒരുപാട് ഉയർന്ന പന്ത് ഹർദിക് പാണ്ട്യയുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ഇതോടെ മികച്ച തുടക്കം ലഭിച്ചിട്ടും സഞ്ജു സാംസന് അത് വിനിയോഗിക്കാൻ സാധിക്കാതെ വന്നു. മത്സരത്തിൽ 20 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 30 റൺസ് ആണ് നേടിയത്. ഇന്നിങ്സിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം വെച്ചു നോക്കിയാൽ ആശ്വാസകരമായ ഇനിംഗ്സ് തന്നെയാണ് സഞ്ജു കാഴ്ച വച്ചത്.

എന്നിരുന്നാലും 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സ്ക്വാഡിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന സഞ്ജുവിന് ഇത്തരം പ്രകടനങ്ങൾ ഗുണം ചെയ്യില്ല. ഇതാദ്യമായല്ല സഞ്ജു മികച്ച തുടക്കം കിട്ടിയിട്ടും തന്റെ വിക്കറ്റ് വലിച്ചെറിയുന്നത്. പലപ്പോഴും 20-30 റൺസുകളിൽ തന്നെ സഞ്ജു ഒതുങ്ങാറാണ് പതിവ്. എന്തായാലും വരും മത്സരങ്ങളിൽ മികച്ച ഇന്നിങ്സുകൾ കെട്ടിപ്പടുത്താൽ മാത്രമേ സഞ്ജുവിന് തിരിച്ചു ദേശീയ ടീമിലെത്താനാവൂ എന്നത് ഉറപ്പാണ്. എന്നിരുന്നാലും മറുവശത്ത് സഞ്ജുവിന്റെ നായകത്വത്തെ പ്രശംസിച്ചുകൊണ്ട് ഒരുപാട് മുൻ താരങ്ങൾ പോലും രംഗത്ത് എത്തുകയുണ്ടായി.

Scroll to Top