ഡുപ്ലെസി-കോഹ്ലി താണ്ഡവം. ഒടുവിൽ സിറാജിന്റെ തീയുണ്ടകൾ. ബാംഗ്ലൂർ ഡേയ്‌സ് ബാക്

പഞ്ചാബിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ആവേശകരമായ മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെയും ഡുപ്ലസിയുടെയും ബാറ്റിംഗ് മുഖവും മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബോളിംഗുമാണ് മത്സരത്തിൽ ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. ബാംഗ്ലൂരിന്റെ ഈ ഐപിഎല്ലിലെ മൂന്നാം വിജയമാണിത്. ഇതുവരെ അഞ്ചുമത്സരങ്ങളാണ് ബാംഗ്ലൂർ 2023 ഐപിഎൽ കളിച്ചിട്ടുള്ളത്. എന്തായാലും ആശ്വാസകരമായ ഒരു തിരിച്ചുവരവ് തന്നെയാണ് ബാംഗ്ലൂരിന് മത്സരത്തിൽ ലഭിച്ചത്.

മൊഹാലി പിച്ചിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിനായി ഒരുഗ്രൻ തുടക്കം തന്നെയാണ് ഓപ്പണർമാരായ വിരാട് കോഹ്ലിയും ഡുപ്ലെസിയും ചേർന്ന് നൽകിയത്. പവർപ്ലേ ഓവറുകളിൽ ഇരുവരും ചേർന്ന് പഞ്ചാബ് ബോളർമാരെ പഞ്ഞിക്കിട്ടു. പിന്നീട് സ്കോറിങ് റേറ്റിൽ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഇരുവരും ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. ഡുപ്ലസി മത്സരത്തിൽ 56 പന്തുകളിൽ 84 റൺസ് നേടി. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. 47 പന്തുകളിൽ 59 റൺസായിരുന്നു വിരാട് കോഹ്ലി മത്സരത്തിൽ നേടിയത്. ഇരുവർക്കും ശേഷമെത്തിയ ബാറ്റർമാർക്ക് അവസാന ഓവറുകളിൽ നിറഞ്ഞാടാൻ സാധിക്കാതെ വന്നത് ബാംഗ്ലൂരിനെ നിരാശയിലാഴ്ത്തി. എന്നിരുന്നാലും നിശ്ചിത 20 ഓവറുകളിൽ 174 എന്ന സ്കോർ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചു.

മറുപടി ബാറ്റിംഗിൽ വളരെ മോശം തുടക്കം തന്നെയായിരുന്നു പഞ്ചാബ് കിംഗ്സിന് ലഭിച്ചത്. ആദ്യ ഓവർ മുതൽ അവർക്ക് തുരുതുരാ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. വലിയ പ്രതീക്ഷയായിരുന്ന മാത്യു ഷോർട്ടും(8) ലിവിങ്സ്റ്റണും(2) സാം കരനുമൊക്കെ(10) കൃത്യമായ ഇടവേളകളിൽ കൂടാരം കയറുകയുണ്ടായി. ഒരു വശത്ത് പ്രഭ്സിംറാൻ പിടിച്ചുനിന്നത് മാത്രമായിരുന്നു പഞ്ചാബിന് ആശ്വാസമായത്. പ്രഭ്സിറാൻ മത്സരത്തിൽ 30 പന്തുകളിൽ 46 റൺസ് നേടി. 3 ബൗണ്ടറികളും 4 സിക്സ്റുകളുയിരുന്നു പ്രഭസിമ്രാന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. പക്ഷേ മറ്റു ബാറ്റർമാരൊക്കെയും മൊഹാലി പിച്ചിൽ പരാജയപ്പെട്ടപ്പോൾ പഞ്ചാബ് പരാജയത്തിലേക്ക് കൂപ്പുകുത്തുന്നതായി തോന്നി.

20230420 191520

പക്ഷേ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് ശർമ തന്റേതായ ശൈലിയിൽ ആക്രമിച്ചു തന്നെ കളിച്ചു. ബാംഗ്ലൂർ ബോളർമാരെ തലങ്ങും വിലങ്ങും ജിതേഷ് പ്രഹരിക്കുകയുണ്ടായി. ഇതോടെ പഞ്ചാബിന്റെ സാധ്യതകൾ വർദ്ധിച്ചു. അങ്ങനെ പഞ്ചാബിന്റെ വിജയ നിർവചനം 3 ഓവറുകളിൽ 30 റൺസ് എന്നായി മാറുകയായിരുന്നു. എന്നാൽ നിർണായകമായ പതിനെട്ടാം ഓവറിൽ മുഹമ്മദ് സിറാജ് 4 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഇതോടെ മത്സരം പൂർണമായും ജിതേഷ് ശർമയിൽ ഒതുങ്ങി. അങ്ങനെ 19 ആം ഓവറിൽ ജിതേഷ് ശർമയും കൂടാരം കയറിയതോടെ ബാംഗ്ലൂർ മത്സരത്തിൽ വിജയിച്ചു. ജിതേഷ് ശർമ 27 പന്തുകളിൽ 41 റൺസ് ആയിരുന്നു നേടിയത്.ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകൾ വീഴ്ത്തി.