സൂര്യ- കിഷാൻ വക തൂക്കിയടി. റൺമല കീഴടക്കി മുംബൈയ്ക്ക് വിജയം

20230503 230444

പഞ്ചാബ് ഉയർത്തിയ റൺമല ആവേശത്തിൽ മറികടന്ന് മുംബൈ ഇന്ത്യൻസിന്റെ പോരാട്ട വീര്യം. മൊഹാലിയിൽ നടന്ന മത്സരത്തിൽ പഞ്ചാബുയർത്തിയ വമ്പൻ വിജയലക്ഷ്യം 6 വിക്കറ്റുകൾ ശേഷിക്കവെയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 214 എന്ന സ്കോർ കെട്ടിപ്പടുക്കുകയായിരുന്നു. ശേഷം മുംബൈ ഇന്ത്യൻസിനായി സൂര്യകുമാർ യാദവും ഇഷാൻ കിഷനും അടിച്ചു തകർത്തുതോടെ മത്സരത്തിൽ മുംബൈ വിജയം സ്വന്തമാക്കി. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയുടെ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നത്.

ഈ സീസണിൽ ബാറ്റിംഗിനെ അങ്ങേയറ്റം സഹായിച്ച മൊഹാലി പിച്ചിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയിൽ പ്രഭസിംറാനെ(9) തുടക്കം തന്നെ കൂടാരം കയറ്റാൻ മുംബൈയ്ക്ക് സാധിച്ചു. എന്നാൽ നായകൻ ശിഖർ ധവാനും(30) മാത്യു ഷോർട്ടും(27) മൂന്നാം വിക്കറ്റിൽ തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഇതോടെ പഞ്ചാബ് സംഹാരം ആരംഭിക്കുകയായിരുന്നു. ഇരുവർക്കും ശേഷമെത്തിയ ലിയാം ലിവിങ്സ്റ്റൺ മത്സരത്തിൽ അടിച്ചു തകർക്കാൻ തുടങ്ങി. ഒപ്പം ജിതേഷ് ശർമയും ചേർന്നതോടെ പഞ്ചാബിന്റെ സ്കോർ കുതിച്ചു. ലിവിങ്സ്റ്റൺ മത്സരത്തിൽ 42 പന്തുകളിൽ 82 റൺസ് ആണ് നേടിയത്. 7 ബൗണ്ടറികളും നാല് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ജിതേഷ് ശർമ മത്സരത്തിൽ 27 പന്തുകളിൽ 49 റൺസ് നേടി. 5 ബൗണ്ടറികളും 2 സിക്സറുകളുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇങ്ങനെ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 214 റൺസാണ് പഞ്ചാബ് നേടിയത്.

See also  ജൂറലും പടിക്കലും ടീമിലെത്തിയത് അഗാർക്കറുടെ പ്രത്യേക നിർദ്ദേശത്തിൽ. വമ്പൻ തീരുമാനത്തെ പറ്റി ബിസിസിഐ.

വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച മുംബൈയ്ക്ക് മോശം തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ മുംബൈക്ക് തങ്ങളുടെ നായകൻ രോഹിത് ശർമയെ(0) നഷ്ടമായി. എന്നാൽ പിന്നീടെത്തിയ ക്യാമറോൺ ഗ്രീൻ ഇഷാൻ കിഷനൊപ്പം ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഗ്രീൻ മത്സരത്തിൽ 18 പന്തുകളിൽ 23 റൺസാണ് നേടിയത്. ഗ്രീൻ പുറത്തായ ശേഷമെത്തിയ സൂര്യകുമാർ യാദവും ക്രീസിൽ നിറഞ്ഞാടിയതോടെ മുംബൈ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. നേരിട്ട ആദ്യ ബോൾ മുതൽ ബൗണ്ടറികൾ നേടിയാണ് സൂര്യകുമാർ പഞ്ചാബിന്റെ മേൽ സമ്മർദ്ദം ഏൽപ്പിച്ചത്.

പിന്നീട് കണ്ടത് സൂര്യകുമാർ യാദവും ഇഷാൻ കിഷനും പഞ്ചാബ് ബോളിംഗിനെ അടിച്ചൊതുക്കുന്നത് തന്നെയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മത്സരത്തിൽ ഇഷാൻ കിഷൻ 41 പന്തുകളിൽ 75 റൺസ് നേടിയപ്പോൾ, സൂര്യകുമാർ യാദവ് 31 പന്തുകളിൽ 66 റൺസാണ് നേടിയത്. മത്സരത്തിന്റെ പതിനാറാം ഓവറിൽ സൂര്യകുമാറിനെയും, പതിനേഴാം ഓവറിൽ ഇഷാൻ കിഷനെയും പുറത്താക്കിയ ശേഷമായിരുന്നു പഞ്ചാബ് മത്സരത്തിലേക്ക് തിരികെ എത്തിയത്. എന്നാൽ അവസാന ഓവറുകളിൽ മുംബൈയ്ക്കായി ടീം ഡേവിഡും(19) തിലക് വർമ്മയും(26) അടിച്ചു തകർത്തതോടെ അവർ അനായാസം വിജയത്തിൽ എത്തുകയായിരുന്നു.

Scroll to Top