ആഞ്ഞടിച്ച് ബാറ്റര്‍മാര്‍ ! എറിഞ്ഞു വീഴ്ത്തി ബോളര്‍മാര്‍. രാജകീയ വിജയവുമായി ചെന്നെ പ്ലേയോഫിലേക്ക്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജകീയ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായകമായ മത്സരത്തിൽ 77 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ തങ്ങളുടെ പ്ലെയോഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിലെത്തുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മുമ്പ് ഗുജറാത്ത് ടൈറ്റൻസ് പ്ലേയോഫീൽ സ്ഥാനം കണ്ടെത്തിയിരുന്നു. മത്സരത്തിൽ മുൻനിര ബാറ്റർമാരുടെ തകർപ്പൻ വെടിക്കെട്ട് ആയിരുന്നു ചെന്നൈക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടിയ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ഋതുരാജും കോൺവെയും ചെന്നൈക്കായി പവർപ്ലേ ഓവറുകളിൽ തന്നെ തകർത്താടി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 141 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. കോൺവെ മത്സരത്തിൽ 52 പന്തുകളിൽ 11 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 87 റൺസ് നേടി. ഋതുരാജ് 50 പന്തുകളിൽ മൂന്നു ബൗണ്ടറികളും 7 സിക്സറുകളുമടക്കം 79 റൺസാണ് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ ശിവം ദുബെ 9 പന്തുകളിൽ 22 റൺസും ജഡേജ 7 പന്തുകളിൽ 20 റൺസും നേടി മികച്ച ഫിനിഷിംഗ് കൂടി നൽകിയതോടെ ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 223 എന്ന സ്കോറിൽ എത്തുകയായിരുന്നു.

ഇത്ര വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ ചെന്നൈയുടെ ഫാസ്റ്റ് ബോളർമാർ ഡൽഹിയുടെ ചിറകരിഞ്ഞു. പൃഥ്വി ഷാ(5) സാൾട്ട്(3) റൂസോ(0) എന്നിവർ ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറിയപ്പോൾ ഡൽഹി പതറുന്നതാണ് കണ്ടത്. ഒരുവശത്ത് ഡേവിഡ് വാർണർ ക്രീസിലൂറചപ്പോൾ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായി കൊണ്ടേയിരുന്നു. മാത്രമല്ല ഇതിനിടയിൽ കൃത്യമായ രീതിയിൽ സ്കോറിങ് ഉയർത്താൻ സാധിക്കാതെ വന്നത് ഡൽഹിയെ ബാധിക്കുകയായിരുന്നു.

മത്സരത്തിൽ ഒറ്റയാൾ പോരാട്ടം നടത്തിയ ഡേവിഡ് വാർണർ 58 പന്തുകളിൽ 86 റൺസ് ആണ് നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറീകളും 5 സിക്സറുകളും ഉൾപ്പെട്ടു. മറ്റു ബാറ്റർമാർ പരാജയമായി മാറിയപ്പോൾ 77 റൺസിന്റെ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേയോഫ് കാണാതെ നിരാശരായി മടങ്ങിയ ചെന്നൈയുടെ ഒരു തിരിച്ചുവരവ് തന്നെയാണ് 2023 ൽ കാണുന്നത്. എന്തായാലും മഹേന്ദ്ര സിംഗ് ധോണി എന്ന അതികായനുവേണ്ടി കിരീടം സ്വന്തമാക്കാനുള്ള എല്ലാ അവസരവും ഇതോടെ ചെന്നൈയ്ക്ക് വന്നു ചേർന്നിരിക്കുകയാണ്.