ഇത് പഴയ പൃഥ്വി അല്ല : ഡൽഹിയുടെ ബാറ്റിംഗ് ഹീറോ പൃഥ്വി ഷാ നയം വ്യക്തമാക്കുന്നു

ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷാ . തന്റെ ഫുട്ട് മൂവ്‌മെന്റിലെ വീഴ്ചകൾ കാരണം ഓസീസ് എതിരായ ആദ്യ ടെസ്റ്റ് ശേഷം  പൃഥ്വിക്ക് പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു .ശേഷം ഇന്ത്യൻ ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല .

എന്നാൽ ഇക്കഴിഞ്ഞ സയ്യദ് മുഷ്‌താഖ് അലി ടൂർണമെന്റിൽ തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്ത താരം അതേ മികവിപ്പോൾ ഐപിഎല്ലിലെ കാഴ്ചവെക്കുകയാണ് .ഏവരും കുറ്റപ്പെടുത്തുന്ന പഴയ പൃഥ്വി അല്ല താനെന്ന് തെളിയിക്കുകയാണ് താരമിപ്പോൾ .ഐപിഎല്ലില്‍ ഇന്നലെ  ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ കൂടിയായ അദ്ദേഹം ഇത്  കാണിച്ചു തന്നിരിക്കുകയാണ്. വെറും 38 ബോളില്‍ ഒമ്പത് ബൗണ്ടറികളും മൂന്ന്  സിക്‌സറുമടക്കം പൃഥ്വി 72 റൺസ് ഇന്നലെ അടിച്ചെടുത്തു .ചെന്നൈ ബൗളർമാരെ മൈതാനത്തിന്റെ നാല് വശവും ഷോട്ടുകൾ പായിച്ച പൃഥ്വി കണക്കിന് ശിക്ഷിച്ചു .പതിവിൽ നിന്ന് വ്യത്യസ്തമായി കൃത്യമായ ഷോട്ടുകൾ കളിച്ച പൃഥ്വി ഷാ മികച്ച ഫുട്ട് മൂവ്‌മെന്റും ഇന്നലെ മത്സരത്തിൽ പുറത്തെടുത്തു .മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ അടക്കം മത്സരത്തിനിടയിൽ ഇത് സൂചിപ്പിച്ചു .

നേരത്തെ വിജയ് ഹസാരെ ട്രോഫിയിൽ അപാര  ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ ഇന്ത്യൻ ടീമിലേക്കുള്ള വരവ് ഉടനെയുണ്ടാകുമെന്നും വിശ്വാസം പ്രകടിപ്പിച്ചിരുന്നു .വിജയ് ഹസാരെ ട്രോഫിയിൽ നാല്  സെഞ്ച്വറികളടക്കം എട്ടിന്നിങ്‌സുകളില്‍ നിന്നും 800ന് മുകളില്‍ റണ്‍സാണ് പൃഥ്വി ഷാ  അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന  അപൂർവ്വ റെക്കോര്‍ഡും  താരം സ്വന്തം പേരിലാക്കി .തന്റെ ഫോമിന്റെ രഹസ്യം എന്തെന്ന് മത്സരശേഷം പൃഥ്വി ഷാ വെളിപ്പെടുത്തി .

“ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടത് മുതല്‍ പിന്നീട്  ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും നേരത്തേ തിരിച്ചെത്തിയ ശേഷം വിജയ് ഹസാരെ ട്രോഫിക്ക്  മുൻപായി ഞാൻ  പ്രവീണ്‍ ആംറെയ്ക്കു കീഴില്‍ ബാറ്റിങ് പരിശീലനം ആരംഭിച്ചിരുന്നു .ബാറ്റിംഗ് ടെക്‌നിക്കിലടക്കം മാറ്റങ്ങൾ വരുത്തി” എന്നും ഷാ തുറന്ന് പറഞ്ഞു .