വീണ്ടും ബാംഗ്ലൂരിന് വിജയം : ഐപിൽ ചരിത്രത്തിൽ ആദ്യമായി കോഹ്ലിപട ഈ നേട്ടം സ്വന്തമാക്കി – ഇന്ന് പിറന്ന അപൂർവ്വ നേട്ടങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ വിജയ കുതിപ്പ് തുടരുന്നു . ചെപ്പോക്കിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ 38 റൺസിന്‌ തോൽപ്പിച്ചാണ് കോഹ്ലിയും സംഘവും സീസണിലെ മൂന്നാം വിജയം കുറിച്ചത് .
ഐപിൽ ചരിത്രത്തിലാദ്യമായിട്ടാണ് ബാംഗ്ലൂർ ടീം സീസണിലെ ആദ്യ 3  മത്സരങ്ങളിലും ജയിക്കുന്നത് .അപൂർവ്വ റെക്കോർഡാണ് ബാംഗ്ലൂർ ടീം ചെപ്പോക്കിൽ സ്വന്തമാക്കിയത് .

ആര്‍സിബി ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റിന് 166  റൺസ് മാത്രമേ അടിച്ചെടുക്കുവാൻ  സാധിച്ചുള്ളൂ.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ കൊൽക്കത്ത ടീമിനായി അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത റസ്സൽ പ്രതീക്ഷയേകിയെങ്കിലും താരം അവസാന ഓവറിൽ പുറത്തായി .205 വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആര്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയായിരുന്നു. എന്നാല്‍ ഗംഭീരമായൊരു ക്യാച്ച് ഗില്ലിനെ ക്രിസ്റ്റിയന്‍ പുറത്താക്കിയതോടെ കൊൽക്കത്ത ടീമിന് പിന്നീട് സ്കോറിങ് ഒരിക്കലും  വേഗതകൂട്ടുവാൻ കഴിഞ്ഞില്ല .

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (49 പന്തില്‍ 78), എബി ഡിവില്ലിയേഴ്‌സ് (34 പന്തില്‍ 76) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

അവസാന ഓവറുകളിൽ ആളിക്കത്തിയ ഡിവില്ലേഴ്‌സ് ബാംഗ്ലൂരിന്റെ ടോട്ടൽ ഇരുനൂറ് കടത്തി  .34 പന്തിൽ 9 ഫോറും 3 സിക്സറും പായിച്ച താരം 76 റൺസ് നേടി . അതേസമയം മൂന്ന് ഓവര്‍സീസ് താരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. മാക്സ്വെല്‍, എബി ഡിവില്ലിയേവ്സ്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങളായി എത്തിയത് .

കൊൽക്കത്തക്ക് എതിരെ ഇരുനൂറ് റൺസ് അടിച്ചെടുത്ത ബാംഗ്ലൂർ ബാറ്റിംഗ് നിര മറ്റൊരു റെക്കോർഡ് കൂടി നേടി .
ഐപിഎല്ലില്‍ ഏറ്റവുമധികം തവണ 200ന് മുകളിൽ്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ടീമെന്ന റെക്കോര്‍ഡ് ബാംഗ്ലൂർ ഒന്നുകൂടി ഉറപ്പിച്ചു .ഐപിൽ ചരിത്രത്തിൽ ഇരുപതാം തവണയാണ് ബാംഗ്ലൂർ 200 മുകളിൽ സ്കോർ കണ്ടെത്തുന്നത് .