IPL 2021 : ന്യൂബോളില്‍ ദീപക്ക് ചഹര്‍ എറിഞ്ഞിട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിനു അനായാസ വിജയം.

Deepak Chahar

ന്യൂബോളില്‍ ദീപക്ക് ചഹറിനു മുന്നില്‍ തകര്‍ന്നടിഞ്ഞ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം. പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം അനായാസം ചെന്നൈ സൂപ്പര്‍ കിംഗ്സ് മറികടന്നു. തുടക്കത്തിലേ ഗെയ്ക്വാദിനെ (5) നഷ്ടമായെങ്കിലും ഫാഫ് ഡുപ്ലെസി (33), മൊയിന്‍ അലി (46) എന്നിവര്‍ ചേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തിലേക്ക് നയിച്ചു. 15.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടിയെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിനു വേണ്ടി ഷാരൂഖ് ഖാനാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഷാരൂഖിനു പുറമെ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്രിസ് ഗെയ്‍ൽ (10 പന്തിൽ 10), ദീപക് ഹൂഡ (15 പന്തിൽ 10), ജൈ റിച്ചാർഡ്സൻ (22 പന്തിൽ 15) എന്നിവർ മാത്രം. മുഹമ്മദ് ഷമി ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ന്യൂബോളില്‍ അപകടം വിതച്ച ദീപക്ക് ചഹര്‍ 4 വിക്കറ്റാണ് വീഴ്ത്തിയത്. മുന്‍നിര താരങ്ങളെ ചഹര്‍ പറഞ്ഞയച്ചതോടെ ഒരു ഘട്ടത്തിൽ അഞ്ചിന് 26 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് ഷാരൂഖ് ഖാൻ നടത്തിയ രക്ഷാപ്രവർത്തനമാണ് അവരെ തുണച്ചത്. ആറാം വിക്കറ്റിൽ ജൈ റിച്ചാർഡ്സനൊപ്പം 35 പന്തിൽ 31 റൺസ്, ഏഴാം വിക്കറ്റിൽ മുരുകൻ അശ്വിനൊപ്പം 28 പന്തിൽ 30 എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ഷാരൂഖ് പഞ്ചാബിനെ കരകയറ്റിയത്. ചഹറിനെക്കൂടാതെ സാം കറന്‍, മൊയിന്‍ അലി, ബ്രാവോ എന്നിവര്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

Scroll to Top