മദ്യക്കമ്പനിയുടെ ലോഗോ മാറ്റുവാൻ മോയിൻ അലി ആവശ്യപ്പെട്ടിട്ടില്ല :ചെന്നൈ മാനേജ്‌മന്റ് വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു

ഐപിഎല്‍ പതിനാലാം സീസണുള്ള തന്‍റെ ടീം ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യാന്‍ ഇംഗ്ലണ്ട് ആൾറൗണ്ടർ താരം  മൊയീന്‍ അലി  ചെന്നൈ ടീമിനോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു .
എന്നാൽ ടീം ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യാന്‍ മൊയീന്‍ അലി തങ്ങളോട്  ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം മാനേജ്‌മന്റ്.

ചെന്നൈ ആസ്ഥാനമായ ഡിസ്റ്റലറിയുടെ ലോഗോയുള്ള ടീം ജേഴ്സി തനിക്ക് ഈ സീസണിൽ  ഒരുകാരണവശാലും  ധരിക്കാനാവില്ലെന്ന് മൊയിന്‍ അലി ആവശ്യപ്പെട്ടതായും ഇക്കാര്യം ടീം മാനേജ്മെന്‍റ് അംഗീകരിച്ചതായും ചില ദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു .എന്നാല്‍ മൊയീന്‍ അലി ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി .

ലഹരിവസ്‌തുക്കളുടെ ഉപയോഗം വളർത്തുന്ന തരത്തിലുള്ള ഒരൊറ്റ  പരസ്യങ്ങളില്‍ അഭിനയിക്കുകയോ ഇത്തരം  ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി മുൻപും സ്വീകരിച്ചിട്ടുണ്ട് .ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും സമാന  നിലപാട്  താരം സ്വീകരിച്ചത് ഏറെ ചർച്ചയായിരുന്നു
.ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും  കരിയറിൽ ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്