വെടിക്കെട്ട് അര്‍ദ്ധസെഞ്ചുറിയുമായി സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

FB IMG 1659791716773

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ക്രിക്കറ്റില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍. ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 4 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു നിശ്ചിത 20 ഓവറില്‍ 160 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 164-5, ഇംഗ്ലണ്ട് 20 ഓവറില്‍ 160-6.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ആദ്യമേ സോഫിയ ഡങ്ക്ലി (19) പുറത്തായി. ഡാനിയില്യേ വ്യാട്ട് (35) സ്കീവര്‍ (41) അമി ജോണ്‍സ് (31) എന്നിവര്‍ പൊരുതിയെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ ഇന്ത്യക്ക് വിക്കറ്റ് നേടാന്‍ കഴിഞ്ഞു. 2 ഓവറില്‍ 27 റണ്‍സ് വേണമെന്നിരിക്കെ സിക്സും ഫോറുമടിച്ച നടാലിയ സ്കീവറെ മന്ദാന റണ്ണൗട്ടിലൂടെ പുറത്താക്കി. അവസാന ഓവറില്‍ 14 റണ്‍ വേണമെന്നിരിക്കെ ഇംഗ്ലണ്ട് വനിതകള്‍ക്ക് 9 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിള്‍ മാത്രം വഴങ്ങിയ സ്നേഹ് റാണയെ അവസാന പന്തില്‍ സോഫി എക്ലിസ്റ്റണ്‍ സിക്സിന് പറത്തിയെങ്കിലും വൈകിപ്പോയിരുന്നു.

FB IMG 1659791711613

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറിയുമായി സ്മൃതി മന്ദാനയും മികച്ച ബാറ്റിംഗുമായി ജെമീമ റോഡ്രിഗസുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്‌. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഷഫാലി വെര്‍മ്മയും (15) – സ്മൃതി മന്ദാനയും ചേര്‍ന്ന് 7.5 ഓവറില്‍ 76 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

See also  ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.
FB IMG 1659791722991

ഇന്ത്യന്‍ വനിതകള്‍ക്കായി ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറി നേടിയ സ്മൃതി മന്ദാനയായിരുന്നു അപകടകാരി. മിന്നും ഫോമിലുള്ള ഓപ്പണര്‍ 32 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 61 റണ്‍സെടുത്തു. ഹര്‍മ്മന്‍പ്രീത് കൗര്‍ (20) ദീപ്തി ശര്‍മ്മ (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ജെമീമ റോഡ്രിഗസ് അവസാനം വരെ നിന്ന് ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. 31 പന്തില്‍ 7 ഫോര്‍ സഹിതമാണ് ജെമീമ റോഡ്രിഗസിന്‍റെ 44 റണ്‍സ്. ഇംഗ്ലീഷ് നിരയില്‍ ഫ്രേയ കെംപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കാതറിന്‍ ബ്രന്റ്, നാത് സിവര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി

Scroll to Top