മഴ കളി തടസ്സപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യന്‍ വനിതകള്‍

വനിതാ ഏഷ്യാ കപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മലേഷ്യ 5.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. പിന്നീട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 30 റണ്‍സിന്‍റെ വിജയം ഇന്ത്യക്ക് നേടി.

മലേഷ്യന്‍ ക്യാപ്റ്റന്‍ വിനിഫ്രഡ് ദുരൈസിംഗം (0), വാല്‍ ജൂലിയ (1) എന്നിവരുടെ വിക്കറ്റുകളാണ് മലേഷ്യക്ക് നഷ്ടമായത്. മാസ് എലിസ (14), എല്‍സ ഹണ്ടര്‍ (1) എന്നിവരായിരുന്നു ക്രീസില്‍. ആദ്യ ഓവറില്‍ ദീപ്തിയും നാലാം ഓവര്‍ എറിയാനെത്തിയ രാജേശ്വരിയുമാണ് വിക്കറ്റ് നേടിയത്.

നേരത്തെ, സമൃതി മന്ദാനയ്ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. പകരമെത്തിയ, സബിനേനി മേഖ്ന (69) മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫാലിക്കൊപ്പം (46) സബിനേനി 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 33 റണ്‍സുമായി റിച്ചാ ഘോഷും നിര്‍ണായക പ്രകടനം നടത്തി.

2 മത്സരങ്ങളില്‍ നിന്നും 2 വിജയവുമായി ഇന്ത്യ രണ്ടാമതാണ്. യു.ഏ.ഈ ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.