പരമ്പര ജയിച്ചത് ശ്രീലങ്ക പക്ഷേ കയ്യടി അവർക്ക് നൽകണം :പ്രശംസിച്ച് മുൻ പാക് നായകൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. മൂന്നാം ടി :20യിൽ ഏഴ് വിക്കറ്റിന്റെ മിന്നും ജയം നേടി ശ്രീലങ്ക ഐതിഹാസിക ടി :20 പരമ്പര ജയം നേടിയപ്പോൾ കോവിഡ് വ്യാപന സാഹചര്യം ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഏകദിന പരമ്പര 2-1നാണ് ധവാനും സംഘവും സ്വന്തമാക്കിയത് എങ്കിൽ ടി :20 പരമ്പര 2-1ന് കരസ്ഥമാക്കി ശ്രീലങ്കൻ ടീം പുത്തൻ ചരിത്രം സൃഷ്ടിച്ചു. ആദ്യ ടി :20 യിൽ 38 റൺസിന് തോൽവി വഴങ്ങിയ ശ്രീലങ്കൻ ടീം അവസാന രണ്ട് ടി :20യും ജയിച്ചാണ് പരമ്പര ജയത്തിലേക്ക് എത്തിയത്. ഏഴ് വിക്കറ്റുകൾ പരമ്പരയിൽ വീഴ്ത്തിയ ലെഗ് സ്പിന്നർ ഹസരംഗയാണ് മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയത്

എന്നാൽ ടി :20 പരമ്പര നഷ്ടമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ഒപ്പം യുവ സംഘത്തെയും പ്രശംസിക്കുകയാണ് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ്. പരമ്പരയിൽ ഇത്രയേറെ വെല്ലുവിളികൾ നേരിട്ട ഒരു ടീമിന്റെ പോരാട്ടവീര്യം പ്രശംസനീയമാണ് എന്ന് അഭിപ്രായപ്പെട്ട താരം ഇന്ത്യൻ ടീമിന് തോൽ‌വിയിലും തലയുയർത്താം എന്നും തുറന്ന് പറഞ്ഞു.”കോവിഡ് പ്രതിസന്ധി കാരണം പ്രമുഖരായ പല താരങ്ങളെയും നഷ്ടമായി. ഒരുവേള ദുർബല ടീമുമായി കളിക്കാനിറങ്ങിയിട്ടും പരമ്പരയിൽ തന്നെ തുടരുവാനുള്ള തീരുമാനം കയ്യടികൾ ഏറെ അർഹിക്കുന്നുണ്ട്.അവസാന രണ്ട് മത്സരത്തിൽ നിന്നും പിന്മാറുവാനുള്ള സാഹചര്യമുണ്ടായിട്ടും കളിക്കുവാനുള്ള മനസ്സ് പ്രശംസനീയമാണ് “ഇൻസമാം അഭിപ്രായം വിശദമാക്കി.

“അവസാന രണ്ട് മത്സരവും പരമ്പരയും ജയിച്ചത് ശ്രീലങ്കയാവും. പക്ഷേ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസത്തെയും നമ്മൾ കാണാതെ പോകരുത്. എട്ട് താരങ്ങൾ പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടും അവസാന രണ്ട് മത്സരത്തിൽ ജയിക്കാം എന്നുള്ള ഉറച്ച വിശ്വാസത്തിൽ കളിച്ച അവർ മികച്ച പോരാട്ടമാണ് ടി:20യിൽ പുറത്തെടുത്തത്.ഇന്ത്യൻ ടീം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭയമയില്ലാതെ കളിക്കുന്നുണ്ട്. അവർക്ക് തോൽക്കുമോ എന്നുള്ള ഭയമയില്ല. 132 റൺസ് മാത്രം രണ്ടാം ടി:20യിൽ നേടിയിട്ടും ശ്രീലങ്കൻ ടീമിനെ അവസാന ഓവർ വരെ വളരെ അധികം കഷ്ടപെടുത്തുവാനും ഇന്ത്യൻ യുവനിരക്ക് കഴിഞ്ഞു “ഇൻസമാം ഏറെ വാചാലനായി