ടീം ഇന്ത്യയില്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുമോ ? സാധ്യതകള്‍ ഇവ

IMG 20211029 WA0000

ന്യൂസിലന്‍റിനെതിരായ നിർണ്ണായക മത്സരത്തിൽ ആരെ തള്ളണം ആരെ കൊള്ളണം എന്ന് ഇന്ത്യൻ ടീമും, ഇന്ത്യൻ ടീം എന്ത് തീരുമാനിക്കും എന്ന് ആരാധകരും തല പുകഞ്ഞാലോചിച്ചു കൊണ്ടിരിക്കയാണ്. പാക്കിസ്ഥാനോട് തോല്‍വി ഏറ്റ ഇരു ടീമിനും അടുത്ത മത്സരങ്ങള്‍ നിര്‍ണായകമാണ്

പ്രധാനമായും മൂന്ന് മാറ്റങ്ങളെ ചുറ്റിപ്പറ്റിയാണ് ചർച്ചകള്‍ അധികവും

  1. ഭുവനേശ്വർ കുമാറിന് പകരം ഷർദുൽ ഠാക്കൂർ.
  2. ഹർദിക് പാണ്ഡ്യക്ക് പകരം ഇഷാൻ കിഷൻ അല്ലെങ്കിൽ ഷർദുൽ ഠാക്കൂർ.
  3. വരുൺ ചക്രവർത്തിക്ക് പകരം രവിചന്ദ്ര അശ്വിൻ

ഈ പറഞ്ഞ മൂന്ന് സാധ്യതകളിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്നത് ഒന്നാമത്തേതിനാണ്. ഭുവനേശ്വർ കുമാറിന് പകരം ഷർദുൽ ഠാക്കൂർ.

കാരണങ്ങൾ പലതാണ്. ഭുവ്നേശ്വറിന്റെ ബൗളിംഗിന് ഈയിടെയായി പഴയ മൂർച്ചയില്ല. ന്യൂ ബോളിൽ വിക്കറ്റെടുക്കാനാകാതെ ഭുവ്നേശ്വർ കഷ്ടപ്പെടുമ്പോൾ പകരമെത്താൻ സാധ്യതയുള്ള ഠാക്കൂറാണെങ്കിൽ ഇക്കഴിഞ്ഞ ഐ പി എല്ലിൽ പോലും ബ്രേക്ക്ത്രൂകൾക്ക് താൻ മിടുക്കനാണ് എന്ന് നിരവധി തവണ തെളിയിച്ചു കഴിഞ്ഞു. മാത്രവുമല്ല ഭുവ്നേശ്വറിനെപ്പോലെത്തന്നെ ബാറ്റിങ്ങിൽ ഠാക്കൂറും അവശ്യസമയത്ത് ഉപയോഗപ്പെടാനുള്ള സാധ്യതയും ഉണ്ടെന്നിരിക്കെ ഇങ്ങനൊരു മാറ്റം പ്രതീക്ഷിക്കാം.

ഹർദിക് പാണ്ഡ്യക്ക് പകരം ഇഷാൻ കിഷനെയോ അല്ലെങ്കിൽ ഷർദുൽ ഠാക്കൂറിനെയോ കളിപ്പിക്കലും
വരുൺ ചക്രവർത്തിക്ക് പകരം രവിചന്ദ്ര അശ്വിനെ കളിപ്പിക്കലും ചിന്തിക്കാൻ ഇടയുണ്ടെങ്കിലും ന്യൂസിലന്റിനെതിരായ മത്സരത്തിൽ അത് നടപ്പിലാവാൻ സാധ്യത കുറവാണ്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

ആറാം ബൗളറായി പാണ്ഡ്യക്ക് കളിക്കാനാകുന്നില്ല എന്ന പരാതി ശക്തമാണെങ്കിലും വമ്പനടികൾക്ക് ശേഷിയുള്ള ഹർദിക്കിനെ അങ്ങനങ് വിട്ടുകളയാൻ ടീം തയ്യാറാകും എന്ന് തോന്നുന്നില്ല. അത് പോലെ വരുൺ ചക്രവർത്തിക്ക് പാക്കിസ്ഥാനെതിരായ മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും ന്യൂസീലാന്റിന് അത്ര പരിചിതമല്ലാത്ത മിസ്റ്ററി ബൗളർ എന്ന നിലയിലും ഇക്കഴിഞ്ഞ ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വരുണിനെ നിർത്താൻ തന്നെയാണ് സാധ്യത.

അന്താരാഷ്ട്ര മത്സര പരിചയവും തരക്കേടില്ലാത്ത ബാറ്റിങ് കഴിവുമാണ് അശ്വിന് അനുകൂലമായി നിൽക്കുന്ന കാര്യങ്ങൾ. പക്ഷെ ലോകകപ്പിലെ ഒരൊറ്റ മത്സരം കൊണ്ട് മാത്രം താരതമ്യേനെ ജൂനിയർ താരങ്ങളായ വരുണിനെയും ഹർദിക്കിനെയും ധോണി മെന്ററായ ടീം കൈവിടും എന്ന് പൂർണ്ണമായും കരുതാനാവില്ല.

എന്തായാലും ന്യൂസിലാന്റിനെതിരായ നിർണ്ണായക മത്സരത്തിന് ടീം ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു.

പോയി കിവിക്കൂടിളക്കി വാ മക്കളേ…

എഴുതിയത് – സുനിൽ ലൂയിസ്

Scroll to Top