ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയുടെ മധ്യഭാഗത്ത് വച്ചാണ് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചത്. അശ്വിന്റെ ഈ തീരുമാനത്തിനെതിരെ പല മുൻ താരങ്ങളും രംഗത്തുവന്നിരുന്നു. ഇത്ര നിർണായകമായ ഒരു പരമ്പരയുടെ മധ്യഭാഗത്ത് വച്ച് വിരമിക്കാനുള്ള അശ്വിന്റെ തീരുമാനം തെറ്റായിരുന്നു എന്നാണ് പലരും വിലയിരുത്തിയത്.
ഇതേ അഭിപ്രായം പങ്കുവെച്ചാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹാഡിനും രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഈഗോ മൂലമാണ് അശ്വിൻ ഇത്തരത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചത് എന്ന് ഹാഡിൻ പറയുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിൽ തനിക്ക് മുകളിലായി വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുത്തപ്പോൾ അശ്വിന് ഈഗോയുണ്ടായെന്നും ഇത് വിരമിക്കലിന് കാരണമായെന്നും ഹാഡിൻ കരുതുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്രാഡ് ഹാഡിൻ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിസ്ബേയ്നിൽ നടന്ന മൂന്നാമത്തെ ടെസ്റ്റിന് ശേഷമായിരുന്നു അശ്വിൻ തന്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ ഒന്നാം നമ്പർ സ്പിന്നറായി തന്നെ ഇന്ത്യ പരിഗണിക്കാത്തതിന്റെ ദേഷ്യമാണ് അശ്വിൻ തീർത്തത് എന്ന് ഹാഡിൻ കരുതുന്നു. മാത്രമല്ല അശ്വിന്റെ ഈ വിരമിക്കൽ ഇന്ത്യയ്ക്ക് പരമ്പരയിൽ വലിയ തിരിച്ചടി ഉണ്ടാക്കിയതായും ഹാഡിൻ കൂട്ടിച്ചേർക്കുകയുണ്ടായി.
“ഇത്തരം നിർണായകമായ ഒരു പരമ്പരയുടെ മധ്യഭാഗത്ത് വച്ച് വിരമിക്കാനുള്ള അശ്വിന്റെ തീരുമാനം ഒരു തമാശയായാണ് എനിക്ക് തോന്നിയത്. കാരണം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാത്തതിനുള്ള ദേഷ്യമായിരുന്നു അശ്വിനിൽ നമ്മൾ കണ്ടത്. അശ്വിൻ സ്വയം ഇന്ത്യയിലെ തന്നെ ഒന്നാം നമ്പർ സ്പിന്നറായാണ് കാണുന്നത്. അവന്റെ റെക്കോർഡ് അവിസ്മരണീയമാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടീമിൽ അവസരം ലഭിക്കാതെ വന്നപ്പോൾ അശ്വിന് ദേഷ്യമുണ്ടായി. അതാണ് അവൻ തീർത്തത്.”- ഹാഡിൻ പറയുന്നു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ 3 ടെസ്റ്റുകളിലും 3 സ്പിന്നർമാരെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ യുവതാരമായ വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിച്ചു. ശേഷം രണ്ടാം മത്സരത്തിലാണ് സുന്ദറിന് പകരക്കാരനായി അശ്വിനെ മൈതാനത്ത് ഇറക്കിയത്. മൂന്നാം ടെസ്റ്റ് മത്സരത്തിൽ അശ്വിന് പകരക്കാരനായി രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ഇലവനിൽ എത്തിയത്. ഇത്തരത്തിൽ വ്യത്യസ്തമായ തീരുമാനങ്ങൾ ആയിരുന്നു പരമ്പരയിൽ ഇന്ത്യ കൈക്കൊണ്ടത്. ഇതിന്റെ ഫലമാണ് അശ്വിന്റെ വിരമിക്കൽ എന്ന് ഹാഡിൻ കരുതുന്നു.