എന്താണ് ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നത് ? 2007 ലോകകപ്പിനു സമാനം

PicsArt 10 31 10.34.53 scaled

ഈ ഫോട്ടോയിലെ വിരാട് കോഹ്ലിയെപ്പോലെയാണ് ഇപ്പോൾ ഇന്ത്യൻ ആരാധകരുടെ അവസ്ഥ. നമ്മളിൽ മിക്കവരുടെയും മനോനില പക്കാ നെഗറ്റീവ് ആയിരിക്കും. അത്രയേറെ മടുപ്പിക്കുന്ന, ക്ഷമ പരീക്ഷിക്കുന്ന രണ്ട് മത്സരങ്ങളാണ് കടന്നുപോയിട്ടുള്ളത്.

രണ്ട് കളികളിൽ പരാജയപ്പെട്ടു എന്നതല്ല പ്രശ്നം. ഒന്ന് പൊരുതാൻ പോലും ശ്രമിക്കാതെയാണ് പാക്കിസ്ഥാനോടും കിവീസിനോടും അടിയറവ് പറഞ്ഞത്. കളിക്കാരുടെ ശരീരഭാഷ പോലും പരാജിതരുടേതായിരുന്നു. സന്തോഷിക്കാൻ ഒരു നിമിഷം പോലും കിട്ടിയില്ല.

സത്യത്തിൽ എന്താണ് ഈ ടീമിൻ്റെ പ്രശ്നം? അത് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ മാത്രമേ പുറത്തുവരൂ എന്നാണ് തോന്നുന്നത്.

2007ലെ ഏകദിന ലോകകപ്പിൻ്റെ ആദ്യ റൗണ്ടിൽ പുറത്തായ ഇന്ത്യന്‍ ടീമിനെ ഓർമ്മയില്ലേ? ഒരുപക്ഷേ 2003ൽ ഫൈനൽ കളിച്ച ടീമിനേക്കാൾ ശക്തമായ സംഘമായിരുന്നു അത്. എന്നിട്ടും അക്കാലത്ത് ചെറുമീനുകളായിരുന്ന ബംഗ്ലാദേശിനോടുപോലും തോറ്റ് പുറത്തായി. കോച്ച് ഗ്രെഗ് ചാപ്പലും ഇന്ത്യൻ താരങ്ങളും തമ്മിൽ നടന്ന വടംവലിയാണ് ആ ടീമിനെ ദുരന്തത്തിലേയ്ക്ക് തള്ളിയിട്ടത്.

ഇപ്പോഴത്തെ ഇന്ത്യൻ ടീമിനും സമാനമായ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിക്കാം. കോച്ചായ ശാസ്ത്രിയോടോ മെൻ്ററായ ധോനിയോടോ താരങ്ങൾക്ക് വിരോധമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അതിനെല്ലാം അപ്പുറം എന്തെല്ലാമോ നീറിപ്പുകയുന്നുണ്ട്.

See also  തകര്‍പ്പന്‍ നേട്ടവുമായി മഹേന്ദ്ര സിങ്ങ് ധോണി. ഇത് സ്വന്തമാക്കുന്ന ആദ്യ താരം.

വിരാട് കോഹ്ലിയുടെ ആദ്യ പത്രസമ്മേളനത്തിൽത്തന്നെ കല്ലുകടി അനുഭവപ്പെട്ടിരുന്നു. പുള്ളി ഒട്ടും സന്തുഷ്ടനല്ലാത്തത് പോലെയാണ് തോന്നിയത്. ടി20 ലോകകപ്പിനുശേഷം ക്യാപ്റ്റൻസി ഒഴിയും എന്ന പ്രഖ്യാപനം പോലും അപ്രതീക്ഷിതമായിരുന്നു.

വിരാടിൻ്റെ വിശ്വസ്തനായിട്ടും,മികച്ച വൈറ്റ് ബോൾ റെക്കോർഡുകൾ ഉണ്ടായിട്ടും ചഹൽ തിരഞ്ഞെടുക്കപ്പെട്ടില്ല. ഭുവിയെ പരിഗണിച്ചത് പഴയ റെക്കോർഡുകളുടെ പേരിലാണെന്ന് കരുതാം. ഒരുകാലത്തും അത്ര മികച്ച ടി20 ബോളർ അല്ലാതിരുന്ന ഷമി ദീപക് ചാഹറിനുമുകളിലൂടെ സെലക്ഷൻ നേടിയത് വിചിത്രമായിരുന്നു.

വിരാട് ആഗ്രഹിച്ച ടീമിനെ ലഭിച്ചില്ലായിരിക്കാം. ബി.സി.സി.ഐയിൽനിന്ന് ഇന്ത്യൻ നായകന് പിന്തുണ കിട്ടുന്നില്ലായിരിക്കാം. ക്യാപ്റ്റൻ ഈ അവസ്ഥയിൽ നിൽക്കുമ്പോൾ അത് ടീമിലേയ്ക്ക് പടർന്നുപിടിക്കുന്നത് സ്വാഭാവികം.

വർഷങ്ങൾക്കുശേഷം വിരാട് എഴുതുന്ന ഒരു ആത്മകഥയിൽ ഈ ലോകകപ്പിൻ്റെ പിന്നാമ്പുറക്കഥകൾ ഉണ്ടായേക്കാം. അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവില്ല എന്ന് മാത്രം. ചത്ത കുഞ്ഞിൻ്റെ ജാതകം നോക്കണോ എന്ന പഴയ ചോദ്യം പോലെ…!

Written by-Sandeep Das

Scroll to Top