ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലെ സാധ്യതകൾ എങ്ങനെ. മനസ്സ് തുറന്ന് അശ്വിൻ

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ്‌ ലോകം. തുല്യ ശക്തികളായ ഇന്ത്യയും കിവീസ് ടീമും പരസ്പരം പ്രഥമ കിരീടത്തിനായി ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും എന്നാണ് ആരാധകരുടെ എല്ലാം വിശ്വാസം. ജൂൺ 18ന് ആരംഭിക്കുന്ന ഫൈനലിനായി ഇരു ടീമുകളും എല്ലാവിധ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘം മുംബൈയിൽ ക്വാറന്റൈനിൽ തുടരുകയാണിപ്പോൾ.

വരാനിരിക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കരുത്താണ് ഓഫ്‌ സ്പിന്നർ അശ്വിൻ. ഏറെ മനോഹരമായി പന്തെറിയുന്ന അശ്വിൻ ഇംഗ്ലണ്ടിലെ പിച്ചിലും നേട്ടങ്ങൾ കൊയ്യാമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഫൈനലിനെ കുറിച്ചുള്ള സാധ്യതകൾ വിശദമായി സംസാരിക്കുകകയാണ് അശ്വിൻ. ടീം ഇന്ത്യക്ക് ഫൈനലിൽ ജയം നേടുവാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അശ്വിൻ ടീമിന്റെ പ്ലസ് പോയിന്റുംകൾ വിശദമാക്കി.

“നേരത്തെ ഓസ്ട്രേലിയയിൽ എത്തിയ ഞങ്ങൾക്ക് എല്ലാം അവിടെ പരമ്പരക്ക് മുന്നോടിയായി സാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കി അതിവേഗം തന്നെ പൊരുത്തപെടുവാൻ കഴിഞ്ഞു. ഇനിയും ഞങ്ങൾക്ക് ഇംഗ്ലണ്ടിലും സമാനമായി വരുവാൻ സാധിക്കും.ഇംഗ്ലണ്ടിലെ ഏറെ വ്യത്യസ്തമായ സാഹചര്യങ്ങളുമായി വേഗം പരിചയപെടുവാൻ കഴിയും. എല്ലാ കളിക്കാർക്കും ഇംഗ്ലണ്ടിലെത്തിയാൽ മാത്രമേ പരിശീലനം ആരംഭിക്കുവാൻ സാധിക്കൂ. ഐപിഎല്ലിന് ശേഷം ആരും തന്നെ ക്രിക്കറ്റ്‌ കളിച്ചിട്ടില്ല അതൊരു വെല്ലുവിളിയാണ് “അശ്വിൻ തുറന്ന് പറഞ്ഞു.

ഇപ്പോൾ ലോകം മുഴുവൻ ഏറെ ആശങ്ക സമ്മാനിക്കുന്ന കോവിഡ് അവസ്ഥയെ കുറിച്ചും അശ്വിൻ തന്റെ അഭിപ്രായം വ്യക്തമാക്കി. “പലരും തങ്ങളുടെ പഴയ ജീവിതശൈലിയിലേക്ക് ഇതുവരെ മാറിയിട്ടില്ല. എല്ലാവരും ഭീതിയിലാണ്. പക്ഷേ അവരിൽ എല്ലാം ഉറപ്പായും ഏറെ പുഞ്ചിരി പടർത്തുവാൻ ക്രിക്കറ്റിന് സാധിക്കും ” അശ്വിൻ വാചാലനായി. നേരത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമംഗമായ അശ്വിൻ കുടുംബത്തിലെ ചിലർക്ക് കോവിഡ് ബാധിച്ചതോടെ പാതിവഴിയിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു.