മൊട്ടേറയിൽ നൂറാം ടെസ്റ്റിനൊരുങ്ങി ഇഷാന്ത് ശർമ്മ : കാത്തിരിക്കുന്നത് കപിൽ ദേവിനൊപ്പം അപൂർവ്വ നേട്ടം

നാളെ മൊട്ടേറയിൽ  ആരംഭിക്കുന്ന  ഇന്ത്യ :ഇംഗ്ലണ്ട്  മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തം പേരിൽ കുറിക്കുവാൻ ഒരുങ്ങുകയാണ്  ഇന്ത്യൻ പേസർ ഇഷാന്ത്  ശർമ്മ. നാളെ ഇംഗ്ലണ്ടിനെതിരെ  ഇഷാന്ത് കളിക്കുവാൻ പോകുന്നത് തന്റെ  കരിയറിലെ നൂറാം  ടെസ്റ്റ് മത്സരമാണ് .കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുമ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തും ഇഷാന്ത് ശർമ്മ.

സച്ചിൻ ,ദ്രാവിഡ് അടക്കം  നേതൃത്വം കൊടുക്കുന്ന  100 ടെസ്റ്റ് കളിച്ചവരുടെ എലൈറ്റ് പട്ടികയിലേക്കാണ്  ഇഷാന്ത് ശർമ നാളെ ഇടം കണ്ടെത്തുക .200 ടെസ്റ്റ് മത്സരം കളിച്ച സച്ചിൻ തന്നെയാണ്  ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കാളിയായ താരം .

നേരത്തെ 2007 മെയ് 25ന് ധാക്കയിൽ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിച്ച് അരങ്ങേറിയ  ഇഷാന്ത് ശർമ്മ . നാളെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിന്  നൂറിന്റെ ഇരട്ടി  തിളക്കമേകും  .ഇംഗ്ലണ്ടിനെതിരെ മൊട്ടേറയിൽ ഇറങ്ങുമ്പോൾ കപിൽ ദേവിന് ശേഷം നൂറ് ടെസ്റ്റിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന നേട്ടം ഇശാന്തിന് സ്വന്തം. നിലവിൽ രാജ്യാന്തര ക്രിക്കറ്റിൽ തുടരുന്നവരിൽ ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും മാത്രമാണ് നൂറിലേറെ ടെസ്റ്റിൽ കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളർമാർ. ഇതുകൊണ്ടുതന്നെ പരിക്കിന്റെ അടക്കം വെല്ലുവിളികളെ അതിജീവിച്ച്‌  ഒരു ഇന്ത്യൻ പേസർ നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നു എന്നത് ഇന്ത്യൻ ടീമിനും ഏറെ അഭിമാനകരമായ നിമിഷമാണ് .

അതേസമയം ടെസ്റ്റിൽ 99 ടെസ്റ്റിൽ 302 വിക്കറ്റാണ് ഇഷാന്തിന്റെ ഇതുവരെയുള്ള  സമ്പാദ്യം.കപിൽ ദേവിനും സഹീർ ഖാനും ശേഷം ടെസ്റ്റിൽ  300 വിക്കറ്റ് ക്ലബിലെത്തുന്ന  ഇന്ത്യൻ ഫാസ്റ്റ് ബൗളറെന്ന നേട്ടവും ഇഷാന്തിന്  അർഹതപ്പെട്ടതാണ് . ചെപ്പോക്കിൽ  ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ്  ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍  ഡാനിയേല്‍ ലോറന്‍സിനെ പുറത്താക്കിയാണ് മുന്നൂറ്  വിക്കറ്റ് ക്ലബില്‍ ഇഷാന്ത് ഇടംപിടിച്ചത്.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടെസ്റ്റ് സ്പെഷ്യലിസ്റ് താരമായ ഇഷാന്തിന് ഇനിയും ഏറെ നേട്ടങ്ങൾ ടെസ്റ്റിൽ സ്വന്തമാക്കുവാൻ കഴിയുമെന്നാണ് ഇന്ത്യൻ ആരാധകരെല്ലാം പറയുന്നത് .