വീണ്ടും സൂപ്പർഹിറ്റായി ഗബ്ബാർ :ഹിറ്റ്മാൻ ഓപ്പണിങ് കൂട്ടുകെട്ട് – മറികടന്നത് ഓസീസ് ഇതിഹാസ ജോഡിയെ

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിന മത്സരത്തിൽ  ഇന്ത്യൻ ടീമിന് സ്വപ്നതുല്യ ഓപ്പണിങ് തുടക്കം  നല്‍കിയതോടെ
ഏകദിനത്തിലെ അപൂർവ്വ നേട്ടത്തിന്   അവകാശികളായിരിക്കുകയാണ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കിയ ലോകത്തിലെ രണ്ടാമത്തെ ഓപ്പണിങ് ജോഡിയായി  ഇരുവരും മാറി . 17ാം തവണയാണ് രോഹിത്- ധവാന്‍ സഖ്യം  ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ  സെഞ്ച്വറി കൂട്ടുകെട്ട് അടിച്ചെടുക്കുന്നത് .

ഏറ്റവും കൂടുതൽ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പട്ടികയിൽ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണിങ് ജോഡികളായ  ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ എന്നിവരെ പിന്തള്ളിയിരിക്കുകയാണ് രോഹിത്- ധവാന്‍ സഖ്യം .ഗിൽക്രിസ്റ് -ഹെയ്ഡൻ 16 തവണ സെഞ്ച്വറി കൂട്ടുകെട്ടിൽ പങ്കാളികളായിരുന്നു .ഇന്നത്തെ മത്സരത്തിന് മുൻപ്  ഗില്ലി-ഹെയ്ഡന്‍ സഖ്യത്തോടൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു ഇന്ത്യന്‍ ജോഡി . എന്നാൽ മൂന്നാം ഏകദിനത്തിൽ ഓപ്പണിങ് വിക്കറ്റില്‍ 103 റൺസ് നേടിയതോടെ  രോഹിത്- ധവാന്‍ സഖ്യം രണ്ടാംസ്ഥാനത്തേക്കുയരുകയായിരുന്നു.

ഓപ്പണിങ്ങിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജോഡിയായ സൗരവ് ഗാംഗുലി – സച്ചിൻ സഖ്യമാണ് .ഇരുവരും 21 തവണ ശതക കൂട്ടുകെട്ട് ഇന്ത്യക്കായി നേടി .ഇതിഹാസ താരങ്ങളുടെ ഈ റെക്കോർഡ് മറികടക്കുവാൻ നാല് തവണ കൂടി ധവാൻ : രോഹിത് കൂട്ടുകെട്ടിന് സെഞ്ച്വറി ഓപ്പണിങ് പാർട്ണർഷിപ് നേടണം .

ഇന്നത്തെ മത്സരത്തിൽ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ 65 റണ്‍സിലെത്തി. 44 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ധവാനായിരുന്നു കൂടുതല്‍ അപകടകാരി. പതിനഞ്ചാം ഓവറില്‍ ടീം 100 കടന്നു. എന്നാല്‍ ഇതേ ഓവറില്‍ ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ ഹിറ്റ്‌മാന്‍ ബൗള്‍ഡായതോടെ ഓപ്പണിങ്ങിലെ ഇന്ത്യൻ കുതിപ്പ് അവസാനിച്ചു .