എന്താണ് വനിതാ ടീമിന് മാത്രം അതിന് അവസരം ലഭിക്കുന്നില്ല :വിമർശനവുമായി മിതാലി രാജ്

ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ മിതാലി രാജ് എന്ന വനിതാ ക്രിക്കറ്റർക്ക് വലിയ വിശേഷണങ്ങളാണ് നമ്മുടെ ക്രിക്കറ്റ്‌ ആരാധകർ സമ്മാനിച്ചിരിക്കുന്നത്. തന്റെ മികവാർന്ന ബാറ്റിംഗ്‌ പ്രകടനത്താൽ ഏറെ നേട്ടങ്ങൾ കരിയറിൽ നേടിയ താരം അറിയപ്പെടുന്നത് വനിതാ ക്രിക്കറ്റിലെ സച്ചിൻ ടെൻഡൂൽക്കർ എന്നാണ്.പല സന്ദർഭങ്ങളിലും വിവാദപരമായ പല പ്രസ്താവനകൾ നടത്തിയിട്ടുള്ള താരം ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇന്ത്യൻ വനിതാ ടീമിൽ സമൂലമാറ്റങ്ങൾ താരം നിർദ്ദേശിക്കുന്നു.

മൂന്ന് ഫോർമാറ്റും ഉൾപ്പെടുന്ന പരമ്പര ഇന്ത്യൻ വനിതാ ടീമിന് കളിക്കാൻ ഇനി എങ്കിലും സാധിക്കണമെന്നാണ് മിതാലി രാജ് ആവശ്യപ്പെടുന്നത്. “ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിന് ഫുൾ സീരീസുകൾ ഏറെ കളിക്കാൻ അവസരം ലഭിക്കണം. മൂന്ന് ഫോർമാറ്റിലും കളിക്കുന്ന വിധത്തിൽ പരമ്പരകൾ നമ്മൾ പ്ലാൻ ചെയ്യണം.നാം ഏത് ക്രിക്കറ്റ്‌ താരത്തോടും ചോദിച്ചാൽ അവർ പറയുക ടെസ്റ്റ് ക്രിക്കറ്റ്‌ കളിക്കണം കഴിയണമെന്നുള്ള ആഗ്രഹമാണ്. ഒരു യഥാർത്ഥ ക്രിക്കറ്ററുടെ പ്രതിഭ അളക്കുക ടെസ്റ്റ് ക്രിക്കറ്റിലാണ്.”മിതാലി രാജ് ഏറെ വാചലയായി.

വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് മത്സരം നാളെ തുടങ്ങും. “ഇനിയുള്ള കാലത്തിൽ മൂന്ന് ഫോർമാറ്റ് മത്സരങ്ങൾ ഉൾപ്പെടുന്ന ബൈലാറ്ററൽ പാരമ്പരകൾ കളിക്കണം. വരാനിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റും ഒപ്പം ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റും വനിതാ ക്രിക്കറ്റിലും പുതിയ ഒരു തുടക്കമായി മാറട്ടെ. ഭാവിയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോലെ ഒരു പരിപാടി ഐസിസി വനിതാ ക്രിക്കറ്റിലും കൊണ്ട് വരണം “മിതാലി അഭിപ്രായം വിശദമായി തുറന്ന് പറഞ്ഞു.