ബാറ്റിംഗ് നിരയാണ് ആശങ്ക : ബൗളർമാർ പൊളിക്കും -തുറന്ന് പറഞ്ഞ് അജിത് അഗാർക്കർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന പരമ്പരകളും ഒപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടവും വളരെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുന്നത്. കരുത്തരായ കിവീസിനെതിരെ ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീം പ്രഥമ കിരീടം ലക്ഷ്യമാക്കി ഇറങ്ങുമ്പോൾ ബൗളിംഗ് നിരക്കൊപ്പം ബാറ്റിംഗ് നിരയും മികച്ച ഫോമിലേക്കെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ.വിദേശ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിര മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ പതിവ് ഇത്തവണ ആവർത്തിക്കില്ല എന്നൊരു പ്രതീക്ഷ പങ്കിടുകയാണ് മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ബൗളർമാർ അതിവേഗം പഠിക്കുമെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിരക്ക് വെല്ലുവിളിയാകാം എന്ന് മുന്നറിയിപ്പ് നൽകുകയാണ് അഗാർക്കർ. “വരുന്ന ഇംഗ്ലണ്ട് പരമ്പരയും ഒപ്പം കിവീസ് ഉയർത്തുന്ന ഫൈനലിലെ പോരാട്ടവും എന്റെ അഭിപ്രായത്തിൽ വലിയൊരു പ്രശ്‌നമാകുക ബാറ്റ്സ്മാന്മാർക്കാകും.

ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അവന് ഒരു സ്പെൽ മോശമായാലും തിരിച്ചുവരുവാൻ സാധിക്കും. ലൈനും ലെങ്തും തിരിച്ചറിഞ്ഞാൽ ഉറപ്പായും ബൗളർമാർക്ക് ആ മത്സരത്തിൽ ഒരു തിരിച്ചവരവുണ്ട്. പക്ഷേ ടീമിലെ മിക്ക ബാറ്റ്സ്മാന്മാരുടെയും അവസ്ഥ അങ്ങനെയല്ല” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി.

ഇന്ത്യൻ ബാറ്റിംഗ് നിര ആത്മവിശ്വാസം കൈവിടാതെ പാലിക്കണമെന്നും തുറന്ന് പറഞ്ഞു. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിൽ പുറത്തായാലും രണ്ടാം ഇന്നിങ്സ് കൂടി നമുക്ക് മുന്നിലുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകൾ ഫൈനലിന് മുൻപായി കളിക്കുന്ന ന്യൂസിലാൻഡ് ടീം പിച്ചിലെ അടക്കം സാഹചര്യങ്ങൾ അതിവേഗം മനസ്സിലാക്കും “താരം വിശദമാക്കി