അവസാന മത്സരത്തില്‍ ആശ്വാസ വിജയവുമായി സൗത്താഫ്രിക്ക. തോല്‍വിയോടെ ഇന്ത്യ ഓസ്ട്രേലിയന്‍ ലോകകപ്പിലേക്ക്

സൗത്താഫ്രിക്കകെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സൗത്താഫ്രിക്കക്ക് വിജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സില്‍ എല്ലാവരും പുറത്തായി. 49 റണ്‍സിന്‍റെ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയായിരുന്നു ഇത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കൂറ്റനടികല്‍ക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ രോഹിത് ശര്‍മ്മയേയും (0) ശ്രേയസ്സ് അയ്യരേയും (1) ഇന്ത്യക്ക് നഷ്ടമായി. ദിനേശ് കാര്‍ത്തികും (21 പന്തില്‍ 46 ) റിഷഭ് പന്ത് (14 പന്തില്‍ 27) ചെറിയ വെടിക്കെട്ട് പ്രകടനങ്ങള്‍ നല്‍കി എങ്കിലും കൃത്യമായ ഇടവേളയില്‍ സൗത്താഫ്രിക്കന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി.

ഒന്‍പതാം വിക്കറ്റില്‍ ദീപക്ക് ചഹറും – ഉമേഷ് യാദവും ചേര്‍ന്ന് 26 പന്തില്‍ 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സിക്സ് ശ്രമത്തിനിടെ 17 പന്തില്‍ 31 റണ്‍ നേടി ദീപക്ക് ചഹര്‍ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. 20 റണ്ണുമായി ഉമേഷ് യാദവ് പുറത്താകതെ നിന്നു

സൗത്താഫ്രിക്കന്‍ നിരയില്‍ പ്രിട്ടോറിയൂസ് 3 വിക്കറ്റ് വീഴ്ത്തി. പാര്‍ണെല്‍, എന്‍ഗീഡി, കേശവ് മഹാരാജ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. റബാഡക്കാണ് ശേഷിച്ച 1 വിക്കറ്റ്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ റൂസോയുടെയും അർധ സെഞ്ചുറി നേടിയ ക്വിന്റൺ ഡിക്കോക്കിന്റെയും ഇന്നിങ്ങ്സാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.

കഴിഞ്ഞ 2 മത്സരത്തില്‍ പൂജ്യത്തിനു പുറത്തായ റൂസോ ഇത്തവണ സെഞ്ചുറിയോടെയാണ് കറ തീര്‍ത്തത്. 48 പന്തിൽ നിന്ന് എട്ടു സിക്സും ഏഴ് ഫോറുമടക്കം 100 റൺസ് നേടിയ താരം പുറത്താകാതെ നിന്നു. 43 പന്തിൽ നിന്നും നാല് സിക്സും ആറ് ഫോറുമടക്കം 68 റൺസെടുത്ത ഡിക്കോക്ക് മികച്ച പിന്തുണ നല്‍കിയിരുന്നു. ഡീകോക്ക് പുറത്തായതിനു ശേഷം എത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സ് 18 പന്തില്‍ 23 റണ്‍സാണ് സ്കോര്‍ ചെയ്തത്.

ദീപക് ചാഹർ എറിഞ്ഞ അവസാന ഓവറിൽ 24 റൺസാണ് ഡേവിഡ് മില്ലറും റൂസോയും ചേർന്ന് അടിച്ചെടുത്തത്. വെറും അഞ്ച് പന്തിൽ നിന്ന് 19 റൺസെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 227-ൽ എത്തിച്ചത്.