പ്രോട്ടീസിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ രണ്ടാം നിര ടീം. വമ്പന്‍ വിജയവുമായി പരമ്പര സ്വന്തമാക്കി

സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി രണ്ടാം നിര ഇന്ത്യന്‍ ടീം. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ 27.1 ഓവറില്‍ 99 റണ്‍സിനു പുറത്താക്കിയ ഇന്ത്യ, വിജയലക്ഷ്യം 19.1 ഓവറില്‍ നേടിയെടുത്തു.

ശിഖാര്‍ ധവാന്‍ 14 പന്തില്‍ 8 റണ്‍സ് നേടി പുറത്തായപ്പോള്‍ കിഷനും (18 പന്തില്‍ 10) അധികം ആയുസ്സ് ഉണ്ടായിരുന്നില്ലാ. ശുഭ്മാന്‍ ഗില്‍ 57 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ശ്രേയസ്സ് അയ്യര്‍ (23 പന്തില്‍ 28) സഞ്ചു സാംസണ്‍ (4 പന്തില്‍ 2) എന്നിവര്‍ പുറത്താകതെ നിന്നു ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസെടുത്തു പുറത്തായി. 42 പന്തിൽ 34 റൺസെടുത്ത ഹെന്‍‍റിച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ജാനേമൻ മാലൻ (27 പന്തില്‍ 15), മാർകോ ജാൻസൻ (19 പന്തിൽ 14) എന്നിവരാണ് ദക്ഷിണാഫ്രിക്കകായി രണ്ടക്കം കടന്നത്.

ടീം ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലു വിക്കറ്റു വീഴ്ത്തി. 4.1 ഓവറിൽ 18 റൺസ് മാത്രമാണ് കുല്‍ദീപ് വിട്ടുകൊടുത്തത്. വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി.