ഇഷാന്‍ കിഷന്‍ – ശ്രേയസ്സ് അയ്യര്‍ കരുത്തില്‍ ഇന്ത്യ. വിജയവുമായി പരമ്പരയില്‍ ഒപ്പത്തിനൊപ്പം

സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം. പ്രോട്ടിസ് ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇഷാന്‍ കിഷാന്‍ – ശ്രേയസ്സ് അയ്യര്‍ സംഖ്യമാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്. വിജയത്തോടേ ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. അവസാന മത്സരം ചൊവാഴ്ച്ച നടക്കും

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ഓപ്പണിംഗില്‍ ധവാന്‍ (13) നിരാശപ്പെടുത്തി. ബൗണ്ടറികളിലൂടെ ശുഭ്മാന്‍ ഗില്‍ (28) തുടങ്ങിയെങ്കിലും അധികം വൈകാതെ പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ്സ് അയ്യരും – ഇഷാന്‍ കിഷനുമാണ് ഇന്ത്യയെ വിജയത്തിനടുത്ത് എത്തിച്ചത്.

വേള്‍ഡ് ക്ലാസ് ബൗളര്‍മാരായ റബാഡയേയും നോര്‍ക്കിയേയും ഒരു ഭയവും കൂടാതെയാണ് ഇരുവരും നേരിട്ടത്. ഇരുവരും ചേര്‍ന്ന് 3ാം വിക്കറ്റില്‍ 155 പന്തില്‍ 161 റണ്‍സ് കൂട്ടിചേര്‍ത്തു. മത്സരത്തില്‍ നിരാശ പകര്‍ന്ന് അര്‍ഹിച്ച സെഞ്ചുറി ഇഷാന്‍ കിഷന് നഷ്ടമായി.

സ്വന്തം നാടായ റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 84 പന്തില്‍ 4 ഫോറും 7 സിക്സും അടക്കം 93 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്കോര്‍ ചെയ്ത്. മറുവശത്ത് നിന്ന ശ്രേയസ്സ് അയ്യര്‍ സഞ്ചു സാംസണൊപ്പം ഫിനിഷിങ്ങ് ജോലികള്‍ ചെയ്തു.

കരിയറിലെ രണ്ടാം സെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യര്‍ 111 പന്തില്‍ 15 ഫോറുമായി 113 റണ്‍സ് നേടി. സഞ്ചു സാംസണ്‍ 30 റണ്‍സ് സ്കോര്‍ ചെയ്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. റീസ ഹെൻറിക്സിന്റെയും എയ്ഡന്‍ മാര്‍ക്രത്തിന്‍റെയും അർധസെ‍ഞ്ചറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. റീസ 76 പന്തിൽ 74 ഉം മാര്‍ക്ക്രം 89 പന്തിൽ 79 ഉം റൺസെടുത്തു പുറത്തായി.

ഹെൻറിച് ക്ലാസൻ (26 പന്തിൽ 30), ജാനേമൻ മലാൻ (31 പന്തിൽ 25), ഡേവിഡ് മില്ലർ (34 പന്തിൽ 35) എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്. ഡീക്കോക്ക് 3ാം ഓവറില്‍ പുറത്തായെങ്കിലും മികച്ച സ്കോറില്‍ എത്താന്‍ ദക്ഷിണാഫ്രിക്കക് കഴിഞ്ഞു.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് 3 വിക്കറ്റ് വീഴ്ത്തി. വാഷിങ്ങ് ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.