ഈഡനില്‍ വമ്പന്‍ വിജയവുമായി ഇന്ത്യ. ന്യൂസിലന്‍റിനെ വെള്ള പൂശി.

ന്യൂസിലന്‍റ് – ഇന്ത്യ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരവും വിജയിച്ച് ഇന്ത്യ പരമ്പരയില്‍ വെള്ളപൂശി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 73 റണ്‍സിനാണ് ന്യൂസിലന്‍റ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് 111 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റിനു വേണ്ടി അര്‍ദ്ധസെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (36 പന്തില്‍ 51) മാത്രമാണ് പിടിച്ചു നിന്നത്. സെയ്ഫര്‍ട്ട് (17), ലോക്കി ഫെര്‍ഗൂസന്‍ (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഡാരിൽ മിച്ചൽ (5), മാർക് ചാപ്മാൻ (0), ഗ്ലെൻ ഫിലിപ്സ് (0), ജിമ്മി നീഷം (3), മിച്ചൽ സാന്റ്നർ (2), ആദം മിൽനെ (7), ഇഷ് സോധി (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യൻ നിരയിൽ മൂന്ന് ഓവറിൽ 9 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത അക്ഷർ പട്ടേലിന്റെ പ്രകടനമാണ് ന്യൂസിലന്‍റ് ടോപ്പ് ഓഡറെ തകര്‍ത്തത്.

ആറാം ബോളറായി ആദ്യമായി പരീക്ഷിച്ച വെങ്കടേഷ് അയ്യർ 3 ഓവറിൽ 12 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത് റോൾ ഗംഭീരമാക്കി. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഹർഷൽ പട്ടേൽ മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. യുസ്‌വേന്ദ്ര ചെഹൽ, ദീപക് ചാഹർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി കാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഓപ്പണിങ്ങിനിറങ്ങി. രോഹിത് ശര്‍മ 31 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 56 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ 21 പന്തില്‍ നിന്ന് ആറ് ഫോറടക്കം 29 റണ്‍സ് നേടി.

ഇഷാന്‍ കിഷന്‍ പുറത്തായതിനു ശേഷം എത്തിയ സൂര്യകുമാര്‍ യാദവ് റണ്ണൊന്നും നേടാതെ പുറത്തായി. പിന്നീട് എത്തിയ റിഷഭ് പന്തിനും (4) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ലാ.

ശ്രേയസ് അയ്യർ (20 പന്തിൽ 25), വെങ്കടേഷ് അയ്യർ (15 പന്തിൽ 20), ഹർഷൽ പട്ടേൽ (11 പന്തിൽ 18) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. അവസാന ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസടിച്ചുകൂട്ടിയ ദീപക് ചാഹറാണ് ഇന്ത്യൻ സ്കോർ 184 ൽ എത്തിച്ചത്

ന്യൂസീലൻഡിനായി നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത താൽക്കാലിക ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിന്റെ പ്രകടനം ശ്രദ്ധേയമായി. ഹര്‍ഷല്‍ പട്ടേല്‍ 2 വിക്കറ്റ് നേടിയപ്പോള്‍ ദീപക്ക് ചഹര്‍, ചഹല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.