ആദ്യം അടിച്ചിട്ടു. പിന്നാലെ എറിഞ്ഞിട്ടു. തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലണ്ടിനെതിരെ വിജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലണ്ട് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സില്‍ എത്താനാണ് കഴിഞ്ഞുള്ളു. 56 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്.

2 മത്സരങ്ങളില്‍ നിന്നും 4 പോയിന്‍റുമായി ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഞായറാഴ്ച്ച സൗത്താഫ്രിക്കകെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

20221027 151246

ഭുവനേശ്വര്‍ കുമാറിന്‍റെ രണ്ട് മെയ്ഡന്‍ ഓവറോടേയായിരുന്നു തുടക്കം. വിക്രംജീത്ത് സിങ്ങിനെ ബൗള്‍ഡാക്കിയാണ് ഭുവനേശ്വര്‍ വിക്കറ്റ് വീഴ്ച്ചക്ക് തുടക്കം കുറിച്ചത്.

പിന്നാലെ ഇരട്ട വിക്കറ്റുകളുമായി അക്സര്‍ പട്ടേലും രവിചന്ദ്ര അശ്വിനും നെതര്‍ലണ്ടിനെ തളര്‍ത്തി. അവസാന 5 ഓവറില്‍ 99 റണ്‍സായിരുന്നു നെതര്‍ലണ്ടിനു വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് ഷമിയും, ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങും ചേര്‍ന്ന് നെതര്‍ലണ്ടിനെ വീഴ്ത്തി.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് നാലോവറില്‍ 37 റണ്‍സിനും അക്സര്‍ നാലോവറില്‍ 18 റണ്‍സിനും അശ്വിന്‍ നാലോവറില്‍ 21 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

FgEAU1TaEAA59Pt

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് (44 പന്തില്‍ 62) ടോപ്പ് സ്കോറര്‍. കെല്‍ രാഹുല്‍ (9) പുറത്തായതിനു ശേഷം രോഹിത് ശര്‍മ്മയിലൂടെയാണ് (39 പന്തില്‍ 53) ഇന്ത്യ ആക്രമണത്തിനു തുടക്കമിട്ടത്.

സൂര്യകുമാർ ഏഴു ഫോറും ഒരു സിക്സും നേടി. ഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ നേടിയാണ് സൂര്യ അർധസെഞ്ചറി പൂർത്തിയാക്കിയത്.