വീണ്ടുമൊരു നോക്കൗട്ട് ദുരന്തം. ക്ലാസിക്ക് ഫൈനല്‍ ഉണ്ടാവില്ല. ഇന്ത്യ പുറത്ത്‌.

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ നിന്നും ഇന്ത്യ പുറത്ത്. അഡലെയ്ഡില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വിജയം. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ബട്ട്ലറുടേയും ഹെയ്ല്‍സിന്‍റെയും ഓപ്പണിംഗ് കരുത്തില്‍ 16 ഓവറില്‍ വിജയം കണ്ടെത്തി.

2007 ലെ പ്രഥമ ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്ക് ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞട്ടില്ലാ. മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഓപ്പണര്‍ ലവലേശം പേടികൂടാതെ ബാറ്റ് ചെയ്തു. ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറില്‍ 3 ബൗണ്ടറിയാണ് ജോസ് ബട്ട്ലര്‍ അടിച്ചത്. അര്‍ഷദീപ് രണ്ടാം ഓവര്‍ നന്നായി എറിഞ്ഞെങ്കിലും വീണ്ടും ഭുവനേശ്വര്‍ കുമാര്‍ എത്തി റണ്‍സ് വഴങ്ങി. ഷമിയും അക്സറും എത്തിയെങ്കിലും കാര്യങ്ങള്‍ വിത്യസ്തമായിരുന്നില്ലാ.

6 ഓവറില്‍ 63 റണ്‍സാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അടിച്ചുക്കൂട്ടിയത്. അതേ സമയം ഇന്ത്യ നേടിയതാവട്ടെ വെറും 38 റണ്‍സ് മാത്രം. പവര്‍പ്ലേക്ക് ശേഷവും സ്ഥിതി വിത്യാസമായിരുന്നില്ലാ. ഇന്ത്യന്‍ ബോളര്‍മാരെ നാലുപാടും പറത്തി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് പുത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു.

ജോസ് ബട്ട്ലര്‍ 49 പന്തില്‍ 9 ഫോറും 3 സിക്സുമായി 74 റണ്‍സ് നേടി. അലക്സ് ഹെയ്ല്‍സ് 47 പന്തില്‍ 4 ഫോറും 7 സിക്സുമായി 91 റണ്‍സാണ് സ്കോര്‍ ചെയ്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണെടുത്തത്. ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63), വിരാട് കോലി (40 പന്തിൽ 50) എന്നിവരുടെ അര്‍ധ സെഞ്ചറികളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ഇംഗ്ലണ്ടിനായി ജോര്‍ദ്ദാന്‍ 3 വിക്കറ്റ് വീഴ്ത്തി.