തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ; പരമ്പര സ്വന്തം.

India vs England

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ പരമ്പര (3-2) സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു നിശ്ചിത 20 ഓവറില്‍ 188 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

വമ്പന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനു രണ്ടാമത്തെ ബോളില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ജോസ് ബട്ട്ലര്‍ – മലാന്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷ നല്‍കി. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് നേടിയത്.

അര്‍ദ്ധസെഞ്ചുറി നേടി നിന്ന ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് നിര്‍ണായക വഴിത്തിരിവ് നടത്തിയത്. 34 പന്തില്‍ 2 ഫോറും 4 സിക്സും സഹിതം 52 റണ്‍സ് നേടിയ ബട്ട്ലര്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് ടോട്ടല്‍ 130 എത്തിയിരുന്നു.

എന്നാല്‍ തൊട്ടു പിന്നാലെ ഇരട്ട വിക്കറ്റുകള്‍ വീഴ്ത്തി ടാക്കുര്‍ ഇംഗ്ലണ്ടിനെ പരാജയത്തിലേക്ക് തള്ളിവിട്ടു. ബെയര്‍സ്റ്റോയെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളില്‍ എത്തിച്ച ടാക്കൂര്‍ അര്‍ദ്ധസെഞ്ചുറി നേടിയ മലാനെ ബോള്‍ഡാക്കി. 46 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 68 റണ്‍സാണ് മലാന്‍ നേടിയത്.

ഇരുവരും പുറത്തായതോടെ പിന്നാലെ വന്ന ഇംഗ്ലണ്ട് താരങ്ങള്‍ പവിലിയനിലേക്ക് ഘോഷയാത്ര നടത്തി. ഇന്ത്യക്കു വേണ്ടി ടാക്കൂര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടി. 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഭുവനേശ്വര്‍ കുമാറിന്‍റെ പ്രകടനം. നടരാജന്‍, പാണ്ട്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മക്ക് കൂട്ടായി എത്തിയത് ക്യാപ്റ്റന്‍ കോഹ്ലി. ഇരുവരും ഓപ്പണിംഗില്‍ ക്ലിക്കായതോടെ പവര്‍പ്ലേയില്‍ 60 റണ്‍സ് പിറന്ന്.

രോഹിത് തുടക്കം മുതലേ ആക്രമിച്ചു കളിച്ചപ്പോള്‍ സ്ട്രൈക്ക് കൈമാറുക എന്നതായിരുന്നു കോഹ്ലിയുടെ ജോലി. ഇരുവരും അർധസെഞ്ചുറി നേടിയതോടെ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനു മുന്‍പില്‍ വച്ചത് 225 റൺസ് വിജയലക്ഷ്യമായിരുന്നു.

34 പന്തില്‍ 4 ഫോറും 5 സിക്സും സഹിതം 64 റണ്‍സ് നേടി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 9 ഓവറില്‍ 94 റണ്‍സ് പിറന്നിരുന്നു. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് ഇരട്ട സിക്സറുകള്‍ നേടിയാണ് ആദില്‍ റഷീദിനെ വരവേറ്റത്. ക്രിസ് ജോർദാനെതിരെ ഹാട്രിക് ഫോറുമായി സൂര്യകുമാർ 30 പിന്നിട്ടു. അധികം വൈകാതെ സൂര്യകുമാർ പുറത്തായി. വെറും 17 പന്തിൽനിന്ന് മൂന്നു ഫോറും രണ്ട് സിക്സും സഹിതം 32 റൺസെടുത്ത സൂര്യയെ, ആദിൽ റഷീദിന്റെ പന്തിൽ ജേസൺ റോയ് ക്യാച്ചെടുത്തു പുറത്താക്കി

സ്ഥാനകയറ്റം കിട്ടിയെത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യയമൊത്ത് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. 3–ാം വിക്കറ്റിൽ കോഹ്ലി – പാണ്ഡ്യ സഖ്യം 40 പന്തിൽനിന്ന് 81 റൺസാണ് അടിച്ചെടുത്തത്. കോലി 52 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 80 റൺസോടെയും പാണ്ഡ്യ 17 പന്തിൽ നാലു ഫോറും രണ്ട് സിക്സും സഹിതം 39 റൺസോടെയും പുറത്താകാതെ നിന്നു.